നാര്‍ക്കോട്ടിക് ജിഹാദ്: സിപിഎമ്മിന് അടിതെറ്റുന്നു
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സിപിഎമ്മിന് അടിതെറ്റുന്നു. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നെന്ന് പറഞ്ഞ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഒരു പ്രത്യേക മതവിഭാഗമല്ല, ഒരുകൂട്ടം ക്രിമിനലുകളാണ് മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ന്യൂനപക്ഷങ്ങളെ തങ്ങളിലേക്കടുപ്പിക്കാന്‍ സിപിഎം ആവതെല്ലാം ചെയ്യുമ്പോള്‍ ക്രിസ്തീയ വിഭാഗം മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കാന്‍ തയാറായിട്ടില്ല.
പാര്‍ട്ടി സമ്മേളനങ്ങളില്‍ അവതരിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാക്കിയ കുറിപ്പില്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ മയക്കുമരുന്ന് മാഫിയകള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നു എന്ന് നിസംശയം പറഞ്ഞിരുന്നു. ഇതില്‍ മുസ്ലീങ്ങള്‍ പാര്‍ട്ടിക്കെതിരായി. ഇതോടെ ബിഷപ്പിനെ തള്ളി മുസ്ലീങ്ങളെ തങ്ങളിലേക്കടുപ്പിക്കാന്‍ നടത്തിയ ശ്രമം പാഴ്‌വേലയായി. കണക്കുകള്‍ പ്രകാരം ലൗ ജിഹാദ്, നാര്‍ക്കോടിക് ജിഹാദ് കേരളത്തില്‍ ഇല്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ നോക്കേണ്ടതില്ലെന്നാണ് സഭയുടെ മറുപടി.
പാലാ ബിഷപ്പിനെ സുരേഷ് ഗോപി എംപിയും യുഡിഎഫ് നേതാക്കളും സന്ദര്‍ശിച്ചതോടെ പ്രത്യേക ദൂതനായി സിപിഎം മന്ത്രി വാസവനെ നിയോഗിച്ചു. എന്നാല്‍ വാസവന്റെ ദൗത്യം വിജയിച്ചില്ലെന്നാണ് സീറോ മലബാര്‍ സഭയുടെ പ്രതികരണം വ്യക്തമാക്കുന്നത്. സുരേഷ് ഗോപി സഭയ്ക്ക് കേന്ദ്രത്തിന്റെയും ബിജെപിയുടെ പിന്തുണ ഇക്കാര്യത്തില്‍ വാഗ്ദാനം ചെയ്തതോടെ സിപിഎം വിഷമത്തിലായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ക്രിസ്ത്യന്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. യോഗത്തില്‍ സഭാധ്യക്ഷന്മാരുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക തീവ്രവാദം ദേശീയ തലത്തില്‍ ചര്‍ച്ചയാകണം എന്നാണ് ബിജെപിയുടെ ആഗ്രഹം. ഇതിന്റെ ഭാഗമായി കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ മുന്‍ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സുരേഷ് ഗോപി പ്രൊഫ. ടി ജെ ജോസഫിനെ തൊടുപുഴയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹത്തിനും അനുകൂല നിലപാടാണെന്നാണ് ലഭ്യമായ വിവരം.
ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയായ ജോസഫിന് ദേശീയ തലത്തില്‍ പദവിയും നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ചു പറയുന്ന പാലാ ബിഷപ്പിന് പിന്തുണയും നല്‍കി കാത്തോലിക്ക സഭയെ ബിജെപിയിലേക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള ദൗത്യമാണ് സുരേഷ് ഗോപി ചെയ്യുന്നത്. നേരത്തെ ഓര്‍ത്തഡോക്‌സ് സഭാ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു ചര്‍ച്ച നടത്തിയിരുന്നു. ഇതെല്ലാം സിപിഎം വളരെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. നേരത്തെ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില സിപിഎം നേതാക്കള്‍ സംസാരിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയാവുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പുറത്തറിയാതെ നോക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്കെത്തിയപ്പോള്‍ ക്രൈസ്ത വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി എന്നായിരുന്നു സിപിഎം കണക്കുകൂട്ടിയത്. എന്നാല്‍ പാലാ ബിഷപ്പിനെ പരസ്യമായി എതിര്‍ത്തതോടെ മധ്യകേരളത്തില്‍ കാലുറപ്പിക്കാനാവാത്ത അവസ്ഥയിലേക്ക് വീണ്ടും വീണിരിക്കുകയാണ് സിപിഎം. മുസ്ലീം സമുദായത്തെ വിട്ടുനിന്നാല്‍ കേരളത്തില്‍ കെട്ടിവച്ച പൈസ ലഭിക്കില്ലെന്ന് ഉറപ്പുള്ള കോണ്‍ഗ്രസ് ക്രൈസ്തവ സഭകളെ അവഗണിക്കുന്നതും ബിജെപി അനുകൂലാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.