ബിനീഷിനെ കസ്റ്റഡിയിൽ കിട്ടാൻ ഇ.ഡിക്കൊപ്പം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും.

ബംഗളുരു മയക്ക് മരുന്ന് കേസിൽ കോടതി അനുവദിച്ച കസ്റ്റഡി കാലാവധിയായ നാല് ദിവസം തീർന്ന സാഹചര്യത്തിൽ, സി പി എം കേരള സ്റ്റേറ്റ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ കിട്ടാൻ ഇ.ഡിക്കൊപ്പം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും കസ്റ്റഡി അപേക്ഷ നല്‍കും. ബംഗളുരു മയക്ക് മരുന്ന് കേസിലെ പ്രധാന പ്രതി അനൂപിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നൽകിയിരുന്നതായി ഇതിനകം ഇ ഡി കണ്ടെത്തിയിട്ടുള്ളതാണ്. ഇവർ തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടുള്ളതെന്നാണ് ഇ ഡി യും,നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംശയിക്കുന്നത്. ഇത് സംബന്ധിച്ച മുഖ്യമായ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും, കൃത്യമായി ഉത്തരം നൽകാൻ തയ്യാറാകാതെയും ഇരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നാല് ദിവസം നീണ്ട ചോദ്യം ചെയ്യലിൽ പോലും പണത്തിന്റെ ഉറവിടം ബിനീഷ് വെളിപ്പെടുത്തിയിട്ടില്ല. ഈ അവസ്ഥയിൽ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും കേസിൽ ബിനീഷിനെ പ്രതിചേർക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ ഉപയോഗിച്ചാണ് ബിനീഷിനെതിരെ ഇ ഡി കേസ് എടുത്തിട്ടുള്ളത്. ഇ ഡി യുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിക്കുകയും, നിസ്സഹകരണം കാട്ടുകയും ചെയ്യുന്ന പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുമെന്നാണ് ഒരു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനും പറഞ്ഞിട്ടുള്ളത്.
അതേസമയം, തനിക്കെതിരെയുള്ളത് കള്ളക്കേസെന്നാണ് ബിനീഷ് കോടിയേരി ഇതിനിടെ പ്രതികരിച്ചിട്ടുള്ളത്. ഞായറാഴ്ചയാണ് ബിനീഷിനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് എത്തിച്ചത്. സ്കാനിങിന് വിധേയനാക്കി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആശുപത്രി വിടുകയായിരുന്നു. ശാരീകാസ്വസ്ഥതകളും, ആശുപത്രി വാസവും ചൂണ്ടിക്കാട്ടി ജാമ്യം നേടാനുള്ള ശ്രമമാണ് ബിനീഷ് നടത്തുന്നത്. ഇ ഡി യുടെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ബിനീഷ് ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്. താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ബിനീഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞതും ഇതി ന്റെ ഭാഗമാണെന്നു വേണം കരുതാൻ.