യോനോ ആപ്പ് വഴി ഇനി സ്വര്‍ണ വായ്പ നേടാം- എസ്ബിഐ
മുംബൈ: യോനോ ആപ്പ് വഴി സ്വര്‍ണ വായ്പ നേടാന്‍ സംവിധാനമൊരുക്കി എസ്ബിഐ. യോനോ എസ്ബിഐ വഴി വായ്പക്കായി അപേക്ഷിക്കുമ്പോള്‍ നിരവധി ആനുകൂല്യങ്ങളാണ് നേടാനാവുന്നത്. വീട്ടിലിരുന്ന് തന്നെ വായ്പയ്ക്ക് അപേക്ഷിക്കാനാവുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. എളുപ്പത്തില്‍ നാല് ഘട്ടങ്ങളിലൂടെ യോനോ എസ്ബിഐ ഉപയോഗിച്ച് സ്വര്‍ണ വായ്പ നേടാം.
സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച്, കുറഞ്ഞ പലിശനിരക്കില്‍ ഇപ്പോള്‍ എസ്ബിഐ ഗോള്‍ഡ് ലോണ്‍ ലഭിക്കും. 8.25 ശതമാനത്തിലാണ് പലിശ നിരക്ക്. 2021 സെപ്തംബര്‍ 30 വരെയാണ് ആനുകൂല്യം. കുറഞ്ഞ കുറഞ്ഞ നടപടിക്രമങ്ങള്‍, കുറഞ്ഞ കാത്തിരിപ്പ്, കുറഞ്ഞ പേപ്പര്‍ വര്‍ക്കുകള്‍,് തുടങ്ങിയവയാണ് ഇതിന്റെ മറ്റ് പ്രത്യേകതകള്‍.
വായ്പക്കായി അപേക്ഷിക്കാന്‍ ആദ്യം യോനോ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക. വിശദാംശങ്ങള്‍ നല്‍കിയ ശേഷം അപേക്ഷ സമര്‍പ്പിക്കാം. സ്വര്‍ണവുമായി ബ്രാഞ്ച് സന്ദര്‍ശിക്കുകയാണ് രണ്ടാം ഘട്ടം. പണയം വയ്ക്കാനുള്ള സ്വര്‍ണത്തിനൊപ്പം രണ്ടു ഫോട്ടോകളും കെവൈസി രേഖകളും കരുതണം.
തുടര്‍ന്ന് രേഖകളില്‍ ഒപ്പിട്ട ശേഷം വായ്പ സ്വന്തമാക്കാനാകുമെന്ന് ബാങ്ക് നടപടിക്രമങ്ങളില്‍ വ്യക്തമാക്കുന്നു. 18 വയസിന് മുകളില്‍ പ്രായമുള്ളവരും സ്ഥിര വരുമാന മാര്‍ഗമുള്ളവര്‍ക്കെല്ലാം എസ്ബിഐ ഗോള്‍ഡ് ലോണ്‍ നല്‍കുമെന്നും എസ്ബിഐ അറിയിച്ചു.