ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്ത നഫ്താലി ബെന്നറ്റിന് അഭിനന്ദനം അറിയിച്ച് പധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വർഷം പിന്നിടുന്നത് അടുത്ത വർഷം ആഘോഷിക്കുമ്പോൾ തമ്മിൽ കണ്ടുമുട്ടാനും ഇരു രാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനുമുള്ള കാര്യങ്ങൾ ഇരു പ്രധാനമന്ത്രിമാരും അറിയിച്ചു.
ബെന്നറ്റ് ഇസ്രയേലിൽ അധികാരത്തിൽ എത്തിയതോടെ 12 വർഷം നീണ്ട നെതന്യാഹു യുഗത്തിനാണ് അന്ത്യമായത്. ഞായറാഴ്ചയാണ് പ്രതിപക്ഷകക്ഷികൾ രൂപവത്കരിച്ച ഐക്യസർക്കാർ ഇസ്രയേൽ പാർലമെന്റിൽ വിശ്വാസവോട്ട് നേടിയത്. 59ന് എതിരേ 60 സീറ്റുനേടിയാണ് പ്രതിപക്ഷനേതാവ് യായിർ ലാപിഡ് സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്.
എന്നാൽ ധാരണപ്രകാരം വലതുപക്ഷ നേതാവും യമിന പാർട്ടി അധ്യക്ഷനുമായ ബെന്നറ്റിന് പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യ ഊഴം ലഭിക്കുകയായിരുന്നു. 2023 സെപ്റ്റംബർവരെയാകും ബെനറ്റിന്റെ കാലാവധി. അതിനുശേഷം ലാപിഡ് ഭരിക്കും.