പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. ചെന്നൈയിൽനിന്ന് ഉച്ചയ്ക്ക് 2.45-ന് നാവിക സേനാ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തും. അവിടെനിന്ന് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കൊച്ചി രാജഗിരി കോളേജ് ഹെലിപാഡിൽ ഇറങ്ങും.
കാറിൽ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്കൂൾഗ്രൗണ്ടിൽ എത്തുന്ന അദ്ദേഹം 3.30-ന് നടക്കുന്ന ചടങ്ങിൽ ബിപിസിഎല്ലിന്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമർപ്പിക്കും. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ ‘സാഗരിക’യുടെ ഉദ്ഘാടനവും നിർവഹിക്കും. ചടങ്ങിന് ശേഷം അദ്ദേഹം ബിജെപികോർ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കും.
തുറമുഖത്തെ ദക്ഷിണ കൽക്കരി ബർത്തിന്റെ പുനർനിർമാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എൻജിനിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ് ടൺ ഐലൻഡിലെ റോ-റോ വെസലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിക്കും.
കേരളത്തിലെ ജനങ്ങൾക്കിടയിലേക്ക് എത്തുന്നത് താൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. മലയാളത്തിലായിരുന്നു മോദിയുടെ ട്വീറ്റ്. ‘പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾ കൊച്ചിയിലെ പരിപാടിയിൽ തുടക്കമിടും.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.