തിരുമലയിൽ മരിച്ച യാചകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ; നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും കണ്ടെത്തി
ക്ഷേത്ര നഗരമായ തിരുമലയിൽ മരിച്ച യാചകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ. വീട്ടിൽ നിന്നും രണ്ട് തടിപ്പെട്ടികളിലായാണ് പണം കണ്ടെത്തിയത്. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അസുഖം ബാധിച്ച് കഴിഞ്ഞ വർഷം മരിച്ച ശ്രീനിവാസാചാരി എന്നയാളുടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.
തിരുമലയിൽ ഭിക്ഷയെടുത്തും മറ്റും കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി അറിവില്ല. 2007 മുതൽ തിരുമലയിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം വീട് അനുവദിച്ചിരുന്നു. ശ്രീനിവാസാചാരി മരിച്ച് ഒരു വർഷത്തിന് ശേഷം അനുവദിച്ച വീട് തിരിച്ചെടുക്കാൻ തീരുമാനിച്ചു.
ഇത് പ്രകാരം തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. വ്യത്യസ്ത തുകയുടെ നോട്ടുകൾ വീടിനുള്ളിൽ സൂക്ഷിച്ച പെട്ടികളിൽ ഉണ്ടായിരുന്നു. തുക എണ്ണി തിട്ടപ്പെടുത്തിയ ശേഷം മൊത്തം പണവും തിരുമല തിരുപ്പതി ദേവസ്ഥാനം ട്രഷറിയിലേക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.