ജാനുവിനെ ആക്ഷേപിക്കരുത്; ശബ്ദരേഖയെക്കുറിച്ച് കെ സുരേന്ദ്രന്‍
കോഴിക്കോട്: എന്‍.ഡി.എയില്‍ എത്താന്‍ സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയെന്ന തരത്തില്‍ പുറത്ത് വന്ന ശബ്ദരേഖയില്‍ വിശദീകരണവുമായി കെ.സുരേന്ദ്രന്‍. എന്‍.ഡി.എയില്‍ എത്താന്‍ സി.കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം തെറ്റാണ്. സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. സി.കെ. ജാനുവിന് ഞാന്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല. സി.കെ. ജാനു മത്സരിച്ച മണ്ഡലത്തില്‍ ഏതൊരു മണ്ഡലത്തിലേയും പോലെ നിയമാനുസൃതമായ കാര്യങ്ങളാണ് നടന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങള്‍ വ്യക്തമാകു. തെരഞ്ഞെടുപ്പ് കാലത്ത് പല ആവശ്യത്തിനായി പലരും വിളിക്കും. അവരോടെല്ലാം സംസാരിച്ചിട്ടുമുണ്ടാകും.
ആരോ ഒരാളുടെ ശബ്ദരേഖയെന്ന് പറഞ്ഞ് ആക്ഷേപിക്കുമ്ബോള്‍ കേരളത്തിലെ ആദിവാസി വിഭാഗങ്ങളേയും അവര്‍ക്ക് വേണ്ടി സി.കെ ജാനു നടത്തിയ പോരാട്ടങ്ങളെയുമാണ് അപമാനിക്കുന്നത്. എന്നെ ആക്ഷേപിക്കാനാണെങ്കില്‍ വേറെ വഴികളുണ്ട്. ആദിവാസി നേതാവായത് കൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.