രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ല, ഡോ.എ.പി.ജെ അബ്ദുൾ കലാമിന് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഡോ.എ.പി.ജെ അബ്ദുൾ കലാമിന് ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ രാഷ്ട്രപതിയെന്ന നിലയിലും, ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും രാജ്യത്തിന്റെ വികസനത്തിന് ഡോ.എ.പി.ജെ അബ്ദുൾ കലാം നൽകിയ സംഭാവനകൾ രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ലെന്നും പ്രധാനമന്ത്രി കുറിച്ചു.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോ.എ.പി.ജെ.അബ്ദുൾ കലാമിന് ആദരാഞ്ജലികൾ അർപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതം ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. ഒപ്പം ഒരു വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും മുൻ രാഷ്ട്രപതിയ്ക്ക് ആദരവ് അർപ്പിച്ചിരുന്നു. പുതിയതും ശക്തവുമായ ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് പ്രതിജ്ഞാബദ്ധനായിരുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാം ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കുന്നതിനായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചു. നമ്മുടെ വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് അദ്ദേഹം തുടരും. അദ്ദേഹത്തിന്റെ ജയന്തിയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗും കുറിച്ചു.