നാഥുറാം ഗോഡ്‌സെയുടെ അനുയായി കോണ്‍ഗ്രസിലേക്ക്
ഭോപ്പാല്‍: നാഥുറാം ഗോഡ്സെയുടെ സന്ദേശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത മധ്യപ്രദേശിലെ രാഷ്ട്രീയ നേതാവ് ബാബുലാല്‍ ചൗരസ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു.തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുന്‍ കോര്‍പറേറ്ററായ ബാബുലാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ബാബുലാലിനെ സ്വാഗതം ചെയ്യുന്ന ചിത്രങ്ങള്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. നേരത്തേ കോണ്‍ഗ്രസ് വിട്ട നേതാവാണ് ബാബുലാല്‍. ഇദ്ദേഹം പിന്നീട് ഹിന്ദുമഹാസഭാ അംഗമെന്ന നിലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നതാണ്.
പിതാവിനെ വധിച്ചവര്‍ക്ക് രാഹുല്‍ ഗാന്ധി മാപ്പുനല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ബാബുലാലിനെ തിരിച്ചെടുത്ത നടപടിയെ ഒരു കോണ്‍ഗ്രസ് നേതാവ് ന്യായീകരിച്ചത്. ‘ഞങ്ങളുടെ പാര്‍ട്ടി നേതാവ് അദ്ദേഹത്തിന്റെ പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചു. അവര്‍ വളരെ വിശാലമായ മനസ്സിന് ഉടമകളാണ്. അവരുടെ മൂല്യങ്ങള്‍ കാരണമാണ് ഗോഡ്സെയെ ആരാധിക്കുന്ന ഒരാള്‍ മഹാത്മാഗാന്ധിയെ ആരാധിക്കാന്‍ തുടങ്ങിയത് .’ ഗ്വാളിയോറില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ പ്രവീണ്‍ പഥക് പറഞ്ഞു.
അതെ സമയം ഇത് കുടുംബത്തിലേക്കുളള തിരിച്ചുവരവാണന്നാണ് മടങ്ങിവരവിനെ കുറിച്ച് ബാബുലാല്‍ ചൗരസ്യ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത് . വരാനിരിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഗ്വാളിയോര്‍-ചമ്ബല്‍ പ്രദേശങ്ങളില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമം .
ബാബുലാലിനെ കോണ്‍ഗ്രസ് ഇരുകൈയും നീട്ടി സ്വീകരിച്ചതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ‘ഒരുമാസം മുമ്ബ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് മഹാത്മാഗാന്ധിയുടെ പക്ഷത്താണോ, ഗോഡ്സെയുടെ പക്ഷത്താണോയെന്ന് കമല്‍ നാഥ് ചോദിച്ചിരുന്നു. ഇപ്പോള്‍ കമല്‍ നാഥ് സ്വയം ഇതിന് ഉത്തരം നല്‍കണം.’ ബിജെപി വക്താവ് രാഹുല്‍ കോത്താരി പ്രതികരിച്ചു .