രാജമലയിലേക്ക് രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു, വ്യോമസേനയുടെ സഹായം തേടി,മെഡിക്കല്‍ സംഘത്തെ അയച്ചു.

ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയിൽ നേരത്തേതന്നെ തയാറായിരുന്ന സംഘത്തോടാണ് രാജമലയിലേക്കു പോകാൻ നിർദേശിച്ചിട്ടുള്ളത്. തൃശൂരിൽനിന്ന് ഒരു സംഘം കൂടി ഇടുക്കിയിലേക്കെത്തും. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇതിനിടെ, രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് വ്യോമസേനയുമായി ബന്ധപ്പെട്ടു. ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണ്ണിടിച്ചിലിൽ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 15 ആംബുലന്‍സുകളും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തെയും നിയോഗിക്കും. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.