10 ലക്ഷം മോചനദ്രവ്യം നല്‍കിയില്ല, തട്ടിക്കൊണ്ടുപോയ നാവികന് വീരമൃത്യു

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ ഗുരുതരമായി പെള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സൂരജ് കുമാര്‍ ദുബെയാണ് (26) മരിച്ചത്. 90 ശതമാനം പൊള്ളലേറ്റനിലയില്‍ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . മോചനദ്രവ്യമായി ആവശ്യപ്പെട്ട പണം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം തീകൊളുത്തി കൊലപ്പെടുത്തിയത്
കോയമ്പത്തൂരിലെ ഐ.എന്‍.എസ് അഗ്രാണി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനത്തിലുണ്ടായിരുന്ന സൂരജ് അവധിയിലായിരുന്നു. സ്വദേശമായ റാഞ്ചിയില്‍ നിന്നും ജനുവരി 30ന് ചെന്നൈ വിമാനത്തില്‍ ഇറങ്ങിയ സൂരജിനെ ഒരു സംഘം ആളുകള്‍ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി
മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കൊള്ള സംഘം സൂരജിന്റെ മോചനത്തിനായി 10 ലക്ഷം രൂപ കുടുംബത്തോട് ആവശ്യപ്പെട്ടു. അത്രയും പണം ലഭിക്കാതെ വന്നപ്പോള്‍ മൂന്ന് ദിവസം ചെന്നൈയില്‍ തടവില്‍ പാര്‍പ്പിച്ച സൂരജിനെ പിന്നീട് പാല്‍ഗറിലെ വനപ്രദേശമായ ഗോല്‍വാഡില്‍ എത്തിച്ച് മണ്ണെണ്ണ ഒഴിച്ചാണ് കത്തിച്ചത്. പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സൂരജിനെ ഗ്രാമീണരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സമീപത്തെ അശ്വിനി നാവിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പാല്‍ഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാറിനെതിരെ പ്രതിപക്ഷമായ ബി.ജെ.പി രൂക്ഷമായി വിമര്‍ശിച്ചു .