ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങളെ നിരോധിച്ച് ആമസോണ്‍. അറനൂറോളം ചൈനീസ് ഉത്പന്നങ്ങളാണ് ആമസോണ്‍ തങ്ങളുടെ ലോകമെമ്പാടുമുള്ള വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇ കോമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഒറ്റയടിക്ക് നൂറുകണക്കിന് ഉത്പന്നങ്ങള്‍ നിരോധിച്ചത് ചൈനയ്ക്ക് വന്‍ തിരിച്ചടിയായണ് നല്‍കിയിട്ടുള്ളത്.
കമ്പ്യൂട്ടര്‍ ആക്‌സസറികള്‍ അടക്കമുള്ള നല്ല വില്‍പന നടന്നുവരുന്ന ചൈനീസ് ബ്രാന്‍ഡുകളെയാണ് ആമസോണ്‍ പുറത്താക്കിയത്. തങ്ങളുടെ നയങ്ങളെ ലംഘിച്ചതിനാലാണ് ഇത്രയും ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് ആമസോണ്‍ നല്‍കുന്ന വിശദീകരണം. വ്യാജ റിവ്യൂകള്‍ നല്‍കി ഉത്പന്നത്തിന് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയാണ് പല ചൈനീസ് കമ്പനികളും.
ഉപഭോക്താവിനെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന റിവ്യൂകള്‍ നല്‍കുന്നതിനെതിരാണ് ആമസോണ്‍. ഈ തെറ്റിദ്ധരിപ്പിക്കല്‍ നടപടി നിര്‍ത്താന്‍ ചൈനീസ് ഉത്പാദകര്‍ തയാറായില്ല. മാത്രമല്ല റവ്പവര്‍ എന്ന ചൈനീസ് ആക്‌സസറി കമ്പനി തങ്ങളുടെ പ്രോഡക്ടുകള്‍ക്ക് ആമസോണില്‍ മികച്ച റിവ്യൂ എഴുതിയാല്‍ ഗിഫ്റ്റ് കാര്‍ഡ് നല്‍കിയിരുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലും ദി വേര്‍ജുമെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട്് ചെയ്യുകയും ചെയ്തു. ഇത്തരം റിവ്യൂകള്‍ ആമസോണ്‍ 2016ല്‍ നിരോധിച്ചതാണ്.
ഈ നിരോധനം ചൈനയെ ഉപരോധിക്കാനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം നീക്കത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന തരത്തിലാണെന്നാണ് നീരീക്ഷകര്‍ കരുതുന്നത്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈന ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ത്തതോടെയാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികള്‍ ചൈനക്കെതിരെ അണിനിരന്നത്.
പസഫിക് മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് ഇടപെടലുകള്‍ കുറയ്ക്കാന്‍ അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും ചേര്‍ന്ന് ത്രിരാഷ്ട്ര സഖ്യം രൂപീകരിച്ചതോടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മേഖല വീണ്ടും പ്രക്ഷുബ്ധമായിട്ടുണ്ട്. ഏത് സമയവും ഒരു യുദ്ധമുണ്ടായേക്കാം എന്ന ആശങ്ക ഉയര്‍ന്നു വരികയാണ്. എന്തായാലും ഇപ്പോളും ആമസോണില്‍ വില്‍പന നടത്തുന്ന പല ചൈനീസ് ഉത്പന്നങ്ങള്‍ക്കും സമീപ ഭാവിയില്‍ തന്നെ നിരോധനം വന്നേക്കാം.
അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ ചൈനീസ് ഉത്പന്നങ്ങള്‍ക്കും പല ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് പൂര്‍ണമായും വിജയിച്ചതോടെ പല രാജ്യങ്ങളും ഇന്ത്യ സ്വീകരിച്ച നയം സ്വീകരിക്കുകയാണ്.
അഫ്ഗാനിലും മറ്റും അമേരിക്കന്‍ ഇടപെടലുകള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന ചൈനയെ എല്ലാവിധത്തിലും പൂട്ടിയിടാനാണ് ഇത്തരം ചെറിയ നീക്കങ്ങളിലൂടെ ലോകരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്. ഇത് ഒരുപക്ഷേ അവസാനിക്കുന്നത് മൂന്നാം ലോകമഹായുദ്ധത്തോടെയാകും എന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.