നവി മുംബൈ തീപിടിത്തം; ആറ് മരണം, മരിച്ചവരിൽ മൂന്ന് മലയാളികളും; 10 പേർക്ക് പരിക്ക്

മുംബൈ: നവി മുംബൈയിലെ വാഷിയിൽ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഷിയിലെ സെക്ടർ 17-ലെ എംജി കോംപ്ലക്സിലെ റഹേജ റെസിഡൻസിയുടെ ‘ബി’ വിങ്ങിലാണ് ദുരന്തമുണ്ടായത്.
പുലർച്ചെ 12.40-ഓടെയാണ് തീപിടിത്തം ആരംഭിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പടരാനുള്ള പ്രാഥമിക കാരണം എന്നാണു നിഗമനം. പുലർച്ചെ നാല് മണിയോടെ തീ പൂർണമായും അണച്ചു.
മരിച്ചവരിൽ ആറ് വയസ്സുകാരിയായ വേദിക സുന്ദർ ബാലകൃഷ്ണനും ഉൾപ്പെടുന്നു. വേദികയുടെ മാതാപിതാക്കളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ. ഇവർ തിരുവനന്തപുരം സ്വദേശികളാണ്. കമല ഹിരാൽ ജെയിൻ (84) ആണ് മരിച്ച മറ്റൊരാൾ.
അപ്പാർട്ട്മെന്റിന്റെ 10, 11, 12 നിലകളിലാണ് തീ പടർന്നുപിടിച്ചത്. 10-ാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. അവിടെനിന്ന് മുകൾ നിലകളിലേക്ക് തീ പടരുകയായിരുന്നു. 12-ാം നിലയിലാണ് ആറുവയസ്സുകാരി താമസിച്ചിരുന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയിൽ ഉണ്ടായ മറ്റൊരു തീപിടിത്തത്തിൽ 15 വയസ്സുകാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നു തീ പടർന്ന് വയോധികയ്ക്കും മരുമകൾക്കും പൊള്ളലേറ്റ സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. നഗരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്ത സംഭവങ്ങൾ ആശങ്കയുണ്ടാക്കുന്നുണ്ട്.
Tag: Navi Mumbai fire; Six dead, three Malayalis among the dead; 10 injured