പാഠപുസ്തകങ്ങളിൽ ‘ഓപ്പറേഷൻ സിന്ദൂർ’; കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ച് എൻസിആർടി
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടി ഇനി വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടും. മൂന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ വരുന്ന കുട്ടികൾക്കായുള്ള പഠനമൊഡ്യൂളുകളിൽ ഈ ഭാഗം ചേർക്കുകയാണ് എൻസിആർടി (NCERT).
സൈനിക നടപടി, സാങ്കേതിക മുന്നേറ്റം, രാഷ്ട്രീയ സന്ദേശം എന്നീ മേഖലകളിൽ ഓപ്പറേഷൻ സിന്ദൂർക്ക് പ്രാധാന്യമുണ്ടെന്ന് എൻസിആർടി പുറത്തിറക്കിയ പുതിയ പഠനമൊഡ്യൂളിൽ പറയുന്നു.
പ്രത്യേക മോഡ്യൂളുകൾ
3 മുതൽ 8 ക്ലാസ് വരെ: ‘ഓപ്പറേഷൻ സിന്ദൂർ – എ സാഗ ഓഫ് വാലർ’
9 മുതൽ 12 ക്ലാസ് വരെ: ‘ഓപ്പറേഷൻ സിന്ദൂർ – എ മിഷൻ ഓഫ് ഓണർ ആൻഡ് ബ്രേവറി’
ഈ മോഡ്യൂളുകൾ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി പ്രത്യേകം പുസ്തകങ്ങളായാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
2025 മേയ് 7-ന് ഇന്ത്യ പാക്കിസ്ഥാനും പാക് അധീന ജമ്മു കാശ്മീരിലുമുള്ള ഒൻപത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതും, അതിൽ ഏഴെണ്ണം ഇന്ത്യൻ സൈന്യം നശിപ്പിച്ചതുമാണ് പ്രധാനമായും പഠിപ്പിക്കുന്നത്. ഇതോടൊപ്പം, ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ് സംഘടനകളുടെ പ്രധാന കേന്ദ്രങ്ങളായ മുരിദ്‌കെ, ബഹവൽപൂർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതായും എൻസിആർടി മോഡ്യൂളിൽ പറയുന്നുണ്ട്.
സെക്കൻഡറി തലത്തിലെ ‘ഓപ്പറേഷൻ സിന്ദൂർ – ധീരതയുടെയും ബഹുമാനത്തിന്റെയും ദൗത്യം’ അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള സംഭാഷണ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. അതിൽ, സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പാക്കിസ്ഥാൻ പലപ്പോഴും ഇന്ത്യയിലെ സമാധാനം തകർക്കാൻ ശ്രമിച്ചതും, ഇന്ത്യയുടെ പ്രതിരോധ തയാറെടുപ്പുകളും സാങ്കേതിക മുന്നേറ്റങ്ങളും, ആഗോള തലത്തിൽ ഇന്ത്യ നേടിയ പ്രാധാന്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
Tag: NCERT decides to teach children ‘Operation Sindoor’ in textbooks