ട്രെയിനിൽ പെൺകുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവം: പ്രതിയുടെ നുണകൾ പോലീസിനെ ചുറ്റിച്ചത് ഒന്നര മണിക്കൂർ; ദൃശ്യങ്ങൾ കണ്ടതോടെ കുറ്റം സമ്മതിച്ചു
പിടിയിലായ സുരേഷ് കുമാർ ആദ്യം കുറ്റം നിഷേധിച്ചു

തിരുവനന്തപുരം: ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്‌പ്രസിന്റെ ജനറൽ കോച്ചിൽനിന്ന് പെൺകുട്ടിയെ ചവിട്ടി പുറത്തിട്ട കേസിലെ പ്രതി സുരേഷ് കുമാർ, അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചത് റെയിൽവേ പോലീസിനെ ഒന്നര മണിക്കൂറോളം വലച്ചു. പിടിയിലായ സുരേഷ് കുമാർ ആദ്യം കുറ്റം നിഷേധിച്ചു. പെൺകുട്ടിയെ തള്ളിയിട്ടത് ഒരു ബംഗാളിയാണെന്നും, കണ്ടാൽ അയാളെ തിരിച്ചറിയാൻ കഴിയുമെന്നും ഇയാൾ പോലീസിനോട് കള്ളം പറഞ്ഞു.
മദ്യപിച്ചിട്ടില്ല എന്നായിരുന്നു പ്രതിയുടെ രണ്ടാമത്തെ കള്ളം. എന്നാൽ പരിശോധനയിൽ സുരേഷ് മദ്യപിച്ചതായി തെളിഞ്ഞു. എന്നിട്ടും ഇയാൾ ഇത് സമ്മതിക്കാൻ തയ്യാറായില്ല. ശ്രീക്കുട്ടിയെ ചവിട്ടി പുറത്തിടുന്നതിന്റെ ദൃശ്യങ്ങൾ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും, ആ ദൃശ്യം കണ്ടെന്നും പോലീസ് അറിയിച്ചതോടെ സുരേഷ് കുമാർ പരിഭ്രാന്തനായി. തുടർന്ന്, ട്രെയിനിൽ ശ്രീക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അർച്ചന, പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞതോടെ സുരേഷ് കുറ്റം സമ്മതിച്ചു.
കുറ്റം സമ്മതിച്ചപ്പോഴും, പെൺകുട്ടി പ്രകോപനം ഉണ്ടാക്കിയെന്ന് കള്ളം പറഞ്ഞ് ന്യായീകരിക്കാൻ ഇയാൾ ശ്രമിച്ചു. കോച്ചിനുള്ളിൽ വഴി തടസ്സപ്പെടുത്തി നിന്ന പെൺകുട്ടിയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ തട്ടിക്കയറിയെന്നും, അതിനാലാണ് ചവിട്ടിയതെന്നുമാണ് സുരേഷ് പോലീസിനോട് പറഞ്ഞത്.
ശ്രീക്കുട്ടിയെ ചവിട്ടി പുറത്തിട്ടതിനു പിന്നാലെ മറ്റു യാത്രക്കാരാണ് സുരേഷിനെ തടഞ്ഞുവച്ച് പോലീസിന് കൈമാറിയത്. അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. വാതിൽപിടിയിൽ തൂങ്ങിക്കിടന്ന അർച്ചനയെ മറ്റ് യാത്രക്കാർ ഇടപെട്ടാണ് രക്ഷിച്ചത്. കൊച്ചുവേളി സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ റെയിൽവേ പോലീസ് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് പേട്ട പോലീസിന് കൈമാറുകയും ചെയ്തു.
tag: Incident of a girl being kicked off the train: The accused’s lies kept the police occupied for one and a half hours;
				


