കോവിഡ് പ്രതിരോധത്തിന് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. ജൂൺ 23 പൊതുപ്രവർത്തക ദിനത്തിന്റെ ഭാഗമായി കോവിഡ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തിനൽകിയ മുൻനിര പോരാളികളായ പൊതുപ്രവർത്തകരിൽ കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജയെയും യു.എൻ ഉൾപ്പെടുത്തി. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസേവന ദിനത്തിനോട് അനുബന്ധിച്ചാണു കേരളത്തിന്റെ മികവിനെ യു.എൻ അംഗീകരിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസേവന ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന വെബ്മിനാറിൽ, പൊതുസേവകരും കോവിഡ്19 മഹാമാരിയും എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ കേരളത്തിൽ നിന്ന് കെ.കെ ശൈലജയെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക, ദേശീയ തലങ്ങളിൽ പൊതുപ്രവർത്തകർ നേരിടുന്ന പ്രതിസന്ധികൾ ആണ് ചർച്ചയിൽ വിഷയമാവുക. ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു പുറമേ റിപ്പബ്ലിക് ഓഫ് കൊറിയയുടെ ആഭ്യന്തര സുരക്ഷാ ഉപമന്ത്രി ഡോ. ഇൻ ജെയ് ലീ, ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ ക്യുമോ, അന്താരാഷ്ട്ര നഴ്സിംഗ് കൗണ്‍സിൽ പ്രസിഡന്റ് അന്നെറ്റ് കെന്നഡി, ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ തൊഴിൽ വിഭാഗം ഡയറക്ടർ ജിം കാംപെൽ, അന്താരാഷ്ട്ര പൊതുസേവന പ്രസിഡണ്ട് റോസ പാവനെല്ലി എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുക്കുന്ന അംഗങ്ങൾ. യു.എൻ വെബ് ടി.വിയിൽ വെബിനാർ തത്സമയം സംപ്രേക്ഷണം ചെയ്യും.
