ഡല്‍ഹിയില്‍ വനിതാ എംപിയുടെ കഴുത്തില്‍ നിന്ന് മാല പിടിച്ചുപറിച്ചു; സംഭവം ഡൽഹിയിലെ അതിസുരക്ഷാ മേഖലയില്‍
രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷിതമായ ചാണക്യപുരിയിൽ ലോക്‌സഭാംഗം സുധ രാമകൃഷ്ണന്റെ സ്വർണമാല മോഷണം പോയി. തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി സുധ താമസിക്കുന്ന തമിഴ്നാട് ഭവന്റെ സമീപത്താണ് സംഭവം നടന്നത്. പുലർച്ചെ നടന്ന പ്രഭാതസവാരിക്കിടെ, മോഷ്ടാവ് കഴുത്തിൽ നിന്നും മാല പിടിച്ചുപറിക്കുകയായിരുന്നു.
വിദേശ എംബസികളും വിഐപി വസതികളുമുള്ള ഡൽഹിയിലെ ഏറ്റവും സുരക്ഷിത മേഖലകളിലൊന്നായിട്ടും, അക്രമിയ്ക്ക് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ സാധിച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കുറ്റവാളിയെ കണ്ടെത്താൻ ഒന്നിലധികം അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സുധ രാമകൃഷ്ണൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ചാണക്യപുരിയിലെ പോളണ്ട് എംബസിക്ക് സമീപത്താണ് ആക്രമണം നടന്നതെന്നും, സംഭവത്തിൽ കഴുത്തിന് പരിക്കേറ്റതായും കത്തിൽ വ്യക്തമാക്കുന്നു.
“സർ, സമയം കിട്ടുമ്പോഴൊക്കെ പ്രഭാതസവാരിക്ക് പോകുന്നത് എന്റെ പതിവാണ്. 2025 ഓഗസ്റ്റ് 4-ന് (തിങ്കളാഴ്ച) രാവിലെ, രാജ്യസഭാംഗം ശ്രീമതി രാജാത്തിയോടൊപ്പം ഞങ്ങൾ തമിഴ്നാട് ഭവനിൽ നിന്ന് നടന്ന് പുറപ്പെട്ടു. രാവിലെ 6.15 മുതൽ 6.20 വരെ സമയം, പോളണ്ട് എംബസിയുടെ 3, 4 ഗേറ്റുകൾക്കിടയിൽ എത്തിയപ്പോൾ, മുഖം പൂർണ്ണമായി മൂടിയ ഹെൽമറ്റ് ധരിച്ച് സ്‌കൂട്ടറോടിച്ചെത്തിയ ഒരാൾ എതിർദിശയിൽ നിന്ന് വന്ന് എന്റെ സ്വർണമാല തട്ടിയെടുത്ത് രക്ഷപ്പെട്ടു,” കത്തിൽ പറയുന്നു.
മാല പിടിച്ചുപറിക്കുന്നതിനിടെ കഴുത്തിൽ പരിക്കേൽക്കുകയും, ചുരിദാർ കീറപ്പെടുകയും ചെയ്തതായി സുധ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tag: Necklace snatched from woman MP’s neck in Delhi; incident in Delhi’s high-security zone