CinemaDeathKerala NewsLatest News

നെടുമുടി വേണു അരങ്ങൊഴിഞ്ഞു

തിരുവനന്തപുരം: അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ സ്വന്തം നെടുമുടി വേണു 73ാം വയസില്‍ അന്തരിച്ചു. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയില്‍ നിറഞ്ഞ വേണു കാരക്ടര്‍ റോളുകളും തമാശ വേഷങ്ങളും ഉള്‍പ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു.

ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആര്‍. സുശീല. മക്കള്‍: ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22നാണ് കെ. വേണുഗോപാല്‍ എന്നു വേണു ജനിച്ചത്. നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കോളേജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കുറച്ചുകാലം പാരലല്‍ കോളേജ് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്. കോളേജ് കാലത്ത് തോപ്പില്‍ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയില്‍ മുഖം കാണിച്ചു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തില്‍ അംഗമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്.

ജവഹര്‍ ബാലഭവനില്‍ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. അവനവന്‍ കടമ്പ അടക്കമുള്ള കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളില്‍ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ജോലിനോക്കി. അരവിന്ദന്‍, പത്മരാജന്‍, ഭരതന്‍, ജോണ്‍ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978ല്‍ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. പിന്നാലെ വന്ന ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയില്‍ പ്രശസ്തനാക്കി.

മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button