നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ നിർണായക തെളിവുകൾ പോലീസ് തന്നെ നശിപ്പിച്ചു.

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസ് തന്നെ നശിപ്പിച്ചു. കസ്റ്റഡിയിൽ മരണപ്പെട്ട രാജ്കുമാറിനെ കിടത്തി മർദിച്ച കട്ടിലിലെ കിടക്കയും, ബെഡ് ഷീറ്റും ചില പോലീസുകാർ ചേർന്ന് നശിപ്പിച്ചതായിട്ടാണ് നിർണായക വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. കേസിൽ പൊലീസ് തന്നെ തെളിവ് നശിപ്പിച്ചതായി സിപിഒ പി ജെ ജോർജ് കുട്ടിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. രാജ്കുമാറിന് തന്റെ കിടക്കയും പുതപ്പുമാണ് നൽകിയതെന്നും, അനുവാദമില്ലാതെയാണ് ഇത് നൽകിയതെന്നും ജോർജ് കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
2019 ജൂൺ 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ പൊലീസിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് മരണപെട്ടതായിട്ടാണ് കേസ്. പീരുമേട് സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഈ സമയം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ജോർജ് കുട്ടി. പിന്നീട് ജോർജ് കുട്ടിയെ സ്ഥലം മാറ്റുകയായിരുന്നു.
സിവിൽ പോലീസ് ഓഫീസറായ ജോജു കുട്ടിയുടെ പരാതിയെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്ത പിറകെയാണ് ജോർജ് കുട്ടിയുടെ തന്നെ നിർണായക മൊഴി ഉണ്ടായിരിക്കുന്നത്. ഇത് പരാതിയിലും ജോർജ്കുട്ടി പറഞ്ഞിരുന്നതാണ്.
സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു നെടുങ്കണ്ടം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ജോർജ് കുട്ടി സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെ തുടർന്ന്, വധ ശ്രമത്തിനു കേസ്സെടുക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം ആരംഭിക്കുന്നത്. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് എസ് ഐ കേ സാബുവിനെതിരെ മൊഴിനൽകാൻ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ നിര്ബന്ധിച്ചിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിൽ ശൂക്ഷിച്ചിരിക്കുമ്പോൾ ജോലിയിൽ ഉണ്ടായിരുന്നില്ല എന്ന കാരണം പറഞ്ഞു ജോർജ് കുട്ടി മൊഴി നൽകാൻ കൂട്ടാക്കിയില്ല. ഇക്കാര്യത്തിൽ ഉണ്ടായ വൈരാഗ്യം ഉണ്ടായിരുന്നെന്നും,
രാജ് കുമാറിനെ കിടത്തി മർദിച്ച കട്ടിലിലെ കിടക്കയും ,ഷീറ്റുമൊക്കെ കത്തിച്ചു കളഞ്ഞെന്നും ജോർജ്കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.
സ്റ്റേഷനിൽ വച്ച് രാജ്കുമാർ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സിഐ ആവശ്യപ്പെട്ടിട്ടും എസ്ഐയും മറ്റു പൊലീസ് ഉദ്യോഗസ്ഥരും രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രാജ്കുമാറിന് ക്രൂരമർദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കിരുന്നതാണ്. ന്യുമോണിയ ബാധിച്ചായിരുന്നു മരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ദിവസങ്ങൾ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചതിന്റെ ഫലമായി ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമായത് എന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.