CrimeLatest NewsNationalNews

കശ്മീരില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

കശ്മീര്‍: ഭീകരവാദികള്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് കശ്മീരില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന. കശ്മീരിലെ ഏഴു ജില്ലകളിലായി 17 കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നത്. കശ്മീര്‍ ഡിവിഷനിലെ അനന്ത്നാഗ്, കുല്‍ഗാം, ഗന്ദേര്‍ബല്‍, ബന്ദിപ്പോര, ബുഡ്ഗാം ജില്ലകളിലും ജമ്മു ഡിവിഷനിലെ കിഷ്ത്വാര്‍, ജമ്മു ജില്ലകളിലുമാണ് റെയ്ഡ് നടത്തുന്നത്.

ജമാഅത്ത്-ഇ-ഇസ്ലാമി അംഗങ്ങളുടെ വീടുകളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളും നിരവധി രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മറവില്‍ തീവ്രവാദ സംഘടനകളിലേക്ക് പണം എത്തുന്നുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ചില സംഘടനകള്‍ ഈ പണം ഉപയോഗിക്കുകയാണെന്നും തെളിഞ്ഞിട്ടുണ്ട്.

താഴ്വരയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക, മത സാമുദായിക ഐക്യം തകര്‍ക്കുക തുടങ്ങിയവയാണ് തീവ്രവാദികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് എട്ട്, ഒമ്പത് തിയതികളില്‍ കശ്മീരിലെ 10ഉം ജമ്മുവിലെ നാലും ജില്ലകളിലെ 61 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

തീവ്രവാദ നിരോധന നിയമപ്രകാരം കേന്ദ്രം അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയ ഭീകര സംഘടനയാണ് ജമാഅത്ത്-ഇ-ഇസ്ലാമി. തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും, അവര്‍ക്ക് ജമാഅത്ത്-ഇ-ഇസ്ലാമി വഴി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണ് ജമാഅത്ത്-ഇ-ഇസ്ലാമി അവരുടെ പ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ ശക്തിപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button