അദ്ദേഹം ഓർഗനൈസർ വായിക്കാറില്ലായിരിക്കാം; പ്രായാധിക്യവും പദവിയും മാനിച്ച് മറ്റൊന്നും പറയുന്നില്ല: ഗോപാലൻകുട്ടി മാസ്റ്ററുടെ പ്രസ്താവനയ്‌ക്കെതിരേ ആർ. ബാലശങ്കർ

ന്യൂ ഡെൽഹി: തനിക്ക് ആർഎസ്എസ് ബന്ധമില്ലെന്ന ഗോപാലൻകുട്ടി മാസ്റ്ററുടെ പ്രസ്താവനയ്‌ക്കെതിരേ ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ രംഗത്ത്. പ്രായാധിക്യവും പദവിയും മാനിച്ച് മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സിപിഎം-ബിജെപി ഡീൽ എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. ആർഎസ്എസുകാർ അല്ലാത്തവരും ഓർഗനൈസറിന്റെ പത്രാധിപരാകുമെന്ന ഗോപാലൻകുട്ടി മാസ്റ്ററുടെ ആരോപണത്തോടും ബാലശങ്കർ പ്രതികരിച്ചു. അദ്ദേഹം ഓർഗനൈസർ വായിക്കാറില്ലായിരിക്കാം. ആർഎസ്എസിലെ ഉന്നത നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് ഓർഗനൈസർ പത്രാധിപരായതെന്നും ബാലശങ്കർ വ്യക്തമാക്കി.
ചെങ്ങന്നൂരിലെ സ്ഥാനാർഥിത്വം നഷ്ടപ്പെട്ട ശേഷം കഴിഞ്ഞ ദിവസമാണ് തുറന്നുപറച്ചിലുമായി ബാലശങ്കർ രംഗത്തെത്തിയത്. ബാലശങ്കറിന്റെ തുറന്നുപറച്ചിൽ ബിജെപിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേ തുടർന്നാണ് ബാലശങ്കറിനെതിരേ പരസ്യപ്രതികരണവുമായി ആർഎസ്എസ് പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി രംഗത്തെത്തിയത്.
സ്ഥാനാർഥിത്വം സംബന്ധിച്ച് ആർഎസ്എസുമായി ചർച്ച നടത്തിയിട്ടില്ലെന്ന ഗോപാലൻകുട്ടിയുടെ ആരോപണം ബാലശങ്കർ പൂർണമായി തള്ളിക്കളഞ്ഞു. ആർഎസ്എസ് കാര്യാലയത്തിലെത്തി മുതിർന്ന നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. സ്ഥാനാർഥിയാകാനുളള താത്പര്യം അവരെ അറിയിച്ചിരുന്നു. അത് സംഘത്തിലാരും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാൽ അത്ഭുതപ്പെടാൻ മാത്രമേ സാധിക്കൂ. ഗോപാലൻകുട്ടി മാസ്റ്ററെ താൻ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിൽ അറിവില്ലാത്തതുകൊണ്ടായിരിക്കാം അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചതെന്നും ബാലശങ്കർ പറഞ്ഞു.
കേന്ദ്ര എച്ച്ആർഡി മന്ത്രാലയത്തിൽ മുരളീ മനോഹർ ജോഷിയുടെ ഉപദേശകനായി ഇരിക്കുന്ന കാലത്ത് ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ഉപദേശക പദവി രാജിവെച്ച് ഓർഗനൈസറിന്റെ പത്രാധിപരായി കയറുന്നത്. മോഹൻ ഭാഗവതിന്റെയും അന്തരിച്ച ശേഷാദ്രിയുടെയും അറിവോടെയാണ് ഓർഗനൈസർ പത്രാധിപരാകുന്നത്. ആർഎസ്എസുകാരല്ലാത്തവരും പത്രാധിപരാകാറുണ്ടെന്ന് പറഞ്ഞതിനോട് ആ വ്യക്തിയുടെ പ്രായാധിക്യത്തെയും വഹിക്കുന്ന പദവിയെയും മാനിച്ച് മറ്റൊന്നും പറയുന്നില്ല. അദ്ദേഹം ഓർഗനൈസർ വായിക്കില്ലായിരിക്കാം. മൽക്കാനിയും ശോഷാദ്രിയും ആർഎസ്എസുകാരല്ലെങ്കിൽ ബാലശങ്കറും ആർഎസ്എസുകാരനല്ല. അങ്ങനെ ആർഎസ്എസ്സുകാരനല്ലാത്ത ഒരാളെ 11 വർഷം ഓർഗനൈസറിന്റെ പത്രാധിപരായി കാത്തുസൂക്ഷിച്ച സംഘടനയ്ക്ക് ഇത്രയും വലിയ പാപ്പരത്തം എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ബാലശങ്കർ പറഞ്ഞു.