ദൃശ്യം 2വിലെ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികള്, ഹൈന്ദവസംസ്കാരം നശിപ്പിക്കുന്നു’; ദൃശ്യം 2 സിനിമയ്ക്കെതിരെ വിദ്വേഷ ട്വീറ്റുകൾ

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ട് ഒരു ആഴ്ച പോലും കഴിഞ്ഞില്ല. അതിനു മുമ്പേ തന്നെ കേരളത്തിന്റെ അതിർത്തികൾ വിട്ട് പടം ഹിറ്റ് ആയി കഴിഞ്ഞു. വിമർശനങ്ങളും റിവ്യൂകളും മലയാളത്തിൽ നിന്ന് മാത്രമല്ല, അന്യഭാഷകളിലെ ആരാധകരിൽ നിന്ന് പോലും എത്തിക്കഴിഞ്ഞു.
ഇതിനിടയിലാണ് ദൃശ്യം 2നെതിരെ വിദ്വേഷ ട്വീറ്റുമായി ചിലർ രംഗത്ത് എത്തിയിരിക്കുന്നത്. ദൃശ്യം രണ്ട് സിനിമയിൽ തൊണ്ണൂറ് ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കളുടെ സംസ്കാരത്തെ നശിപ്പിക്കുകയാണ് ഇതെന്നുമാണ് ട്വിറ്ററിൽ ചില വർഗീയ വാദികളുടെ ട്വീറ്റ്. ജയന്ത എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഇത്തരത്തിലൊരു ട്വീറ്റ് വന്നിരിക്കുന്നത്.
‘# ദൃശ്യം 2 കണ്ടു, ഇതിൽ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണ്. നമ്മുടെ സ്വന്തം സംസ്കാരത്തെ നമ്മുടെ സ്വന്തം കൈകൊണ്ട് നശിപ്പിക്കുന്ന നമ്മൾ ഹിന്ദുക്കളാണോ?’ – ഇങ്ങനെയാണ് ജയന്ത എന്ന അക്കൗണ്ടിൽ നിന്നുള്ളയാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇതിനെ പിന്തുണച്ചും ഇതിനെ എതിർത്തും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ഇസ്ലാം ബോളിവുഡ് പിടിച്ചടക്കിയതു പോലെ തമിഴ് സിനിമാ വ്യവസായ ലോകം ക്രിസ്ത്യാനികൾ പിടിച്ചടക്കിയെന്ന് ആയിരുന്നു ഒരാളുടെ മറുപടി. അതേസമയം, ഇങ്ങനെ ചിന്തിക്കുകയാണെങ്കിൽ ഇനി സിനിമകൾ കാണരുതെന്നും അല്ലാത്ത പക്ഷം നിങ്ങൾ സ്വന്തമായി ഒരു സിനിമാ വ്യവസായ ലോകം ആരംഭിക്കാനുമാണ് ഒരാൾ മറുപടി നൽകിയിരിക്കുന്നത്.
അതേസമയം, ദൃശ്യത്തിൽ ജോർജു കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ ഹിന്ദുവാണെന്നും ബി ജെ പിയെ പിന്തുണയ്ക്കുന്ന ആളാണെന്നും ഒരാൾ വ്യക്തമാക്കി കൊടുക്കുന്നുണ്ട്. തൊടുപുഴ ക്രിസ്ത്യൻ മേഖലയാണെന്നും അതുകൊണ്ടാണ് കഥാപാത്രങ്ങൾ ക്രിസ്ത്യാനികൾ ആയതെന്നും വിശദീകരിച്ചു കൊടുക്കുന്നു ഇയാൾ.