keralaKerala NewsLatest News

മാരകമായ നൈട്രാസെപാം ഗുളികകളുമായി നീഗ്രോ സുരേഷ് പിടിയിൽ

മാരകമായ നൈട്രാസെപാം ഗുളികകളുമായി നീഗ്രോ സുരേഷ് എന്ന സുരേഷ് ബാലൻ (39) പിടിയിൽ. കടവന്ത്ര ഉദയ കോളനിയിലെ വീട്ടിൽ നിന്നായിരുന്നു പിടികൂടിയത്. 34.30 ഗ്രാമുള്ള 64 ഗുളികകളാണ് ഡാൻസാഫ് സംഘം പിടികൂടിയത്.

കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരിൽ ഒരാളായ സുരേഷിനെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കോളേജ് വിദ്യാർത്ഥികളുടെയും ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവജനങ്ങളുടെയും ഇടയിലാണ് ഇയാൾ കൂടുതലും ഈ ഗുളികകൾ എത്തിച്ചിരുന്നത്. കഴിഞ്ഞ വർഷവും സമാനമായ കുറ്റത്തിനായി ഇയാൾ അറസ്റ്റിലായിരുന്നുവെന്ന് വിവരം.

നൈട്രാസെപാം അമിത ഭയം, ഉത്കണ്ഠ, ഉറക്കക്കുറവ് പോലുള്ള മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയായി നൽകുന്ന മരുന്നാണ്. എന്നാൽ, 20 ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ പരമാവധി 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാം. കഴിഞ്ഞ നവംബറിൽ സുരേഷിൽ നിന്ന് 22.405 ഗ്രാം ഗുളികകൾ പിടികൂടിയിരുന്നു. വെറും 5 രൂപ വിലയുള്ള ഗുളിക 250–300 രൂപ വരെയാണ് ഇയാൾ വിൽക്കാറുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ലഭിക്കാത്ത ഈ മരുന്ന്, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവരുന്നതാണെന്നും, കോയമ്പത്തൂരിൽ നിന്ന് തുടയിൽ കെട്ടിവെച്ചാണ് കൊണ്ടുവന്നിരുന്നതെന്നും മുൻ അറസ്റ്റിൽ സുരേഷ് സമ്മതിച്ചിരുന്നു. മോഷണം, അടിപിടി, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളാണ് ഇയാളെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 100-ലേറെ ലഹരി ഇഞ്ചക്ഷൻ ആംപ്യൂളുകളുമായി മുമ്പും ഇയാൾ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം സുരേഷിനെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി തടവിലാക്കിയതുമുണ്ട്.

ഒരുകാലത്ത് വ്യാജ കുറിപ്പടികൾ ഉപയോഗിച്ച് നൈട്രാസെപാം ഉൾപ്പെടെയുള്ള മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് എളുപ്പത്തിൽ വാങ്ങാനാകുമായിരുന്നു. എന്നാൽ, പരിശോധനകൾ ശക്തമാക്കിയതോടെ അത് ഇല്ലാതായി. ഇപ്പോൾ ഷെഡ്യൂൾഡ് H1 വിഭാഗത്തിൽപ്പെടുന്ന ഈ മരുന്ന് എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമല്ല. മരുന്ന് കുറിക്കുന്ന ഡോക്ടറുടെ പക്കൽ, വിൽക്കുന്ന മെഡിക്കൽ സ്റ്റോറിലും വാങ്ങുന്നയാളുടേയും കൈവശം വേണമെന്ന ‘ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ’ മാർഗം വഴിയാണ് ഇത് നിയമപരമായി ലഭ്യമാകുക.

Tag: Negro Suresh arrested with deadly nitrazepam pills

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button