‘തുഴയെറിഞ്ഞ് കുതിച്ചു പാഞ്ഞ്…’; ഇന്ന് നെഹ്റുട്രോഫി വള്ളം കളി

പുന്നമട ഇന്ന് കരുത്തിന്റെയും ആവേശത്തിന്റെയും അരങ്ങാകും. 1150 മീറ്റർ നീളമുള്ള കായലിന്റെ വെള്ളിത്തിരയാണ് ഇന്ന് വേഗത്തിന്റെയും താളത്തിന്റെയും പോരിനായി ഒരുക്കിയിരിക്കുന്നത്. കരിനാഗത്താൻമാരെപ്പോലെ കുതിക്കുന്ന ചുണ്ടൻവള്ളങ്ങളും, കരകളിൽ നിന്നും ഉയരുന്ന ആരവങ്ങൾ ചൂടേകുന്ന ജലപ്പോരാട്ടവുമാണ് ഇന്ന് അരങ്ങേറുന്നത്. 71-ാം നെഹ്റു ട്രോഫി വള്ളംകളിയ്ക്കാണ് ഇന്ന് പുന്നമട സാക്ഷ്യം വഹിക്കുന്നത്.
ഇവിടെത്തവണ 75 വള്ളങ്ങളാണ് പോരാട്ടത്തിനിറങ്ങുന്നത്. അതിൽ പ്രധാന ആകർഷണം 21 ചുണ്ടൻവള്ളങ്ങൾ. ചുരുളൻ, ഇരുട്ടുകുത്തി, വെപ്പ്, തെക്കനോടി തറ, തെക്കനോടി കെട്ട് എന്നിവയുടെ മത്സരങ്ങളും അനുബന്ധ ഇനങ്ങളായിരിക്കും.
രാവിലെ 11-മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്സോടെ മത്സരം ആരംഭിക്കും. ഉച്ചകഴിഞ്ഞുള്ള ഉദ്ഘാടന ചടങ്ങിന് ശേഷം ചുണ്ടൻവള്ളങ്ങളുടെ ആദ്യ പോരാട്ടവും, തുടർന്ന് ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ആവേശത്തിന്റെ ഉച്ചകോടിയായ ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ വൈകിട്ട് 4-നാണ്. ഹീറ്റ്സിൽ മികച്ച സമയം നേടുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നേർക്കുനേർ വരിക. ഓരോ ഫിനിഷും സൂക്ഷ്മമായി രേഖപ്പെടുത്താൻ പ്രത്യേക സംവിധാനവുമുണ്ട്. ചിലപ്പോൾ മൈക്രോസെക്കൻഡുകൾക്കുള്ളിലായിരിക്കും വിജയിയെ കണ്ടെത്തേണ്ടി വരിക.
മാസങ്ങളോളം നീണ്ട പരിശീലനത്തിന് ശേഷമാണ് ചുണ്ടൻവള്ളങ്ങൾ അരങ്ങിലെത്തുന്നത്. ശരാശരി 130 അടി നീളമുള്ള ഈ വള്ളങ്ങൾ 75 മുതൽ 85 വരെയുള്ള തുഴക്കാർ ഒരേ താളത്തിൽ, ഒറ്റത്തുഴയായി നീങ്ങുന്ന അപൂർവ കാഴ്ചയാണ് പുന്നമടയിൽ സൃഷ്ടിക്കുന്നത്.
കായൽക്കരയിലെ ഗാലറികളിൽ പ്രവേശനം പാസ് എടുത്തവർക്ക് മാത്രമേ ലഭിക്കൂ. കാണികൾക്കായി കൂടുതൽ ബസുകളും ബോട്ടുകളും സർവീസിനിറക്കിയിട്ടുണ്ട്. ആഴ്ചകളായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ മൂലം ഇത്തവണ കൂടുതൽ കാണികളും വിനോദസഞ്ചാരികളും എത്തുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
1954-ൽ വട്ടക്കായലിൽ മത്സരങ്ങൾ നടത്തിയിരുന്നെങ്കിലും കാറ്റിനെ തുടർന്ന് 1955-ൽ ആണ് നെഹ്റു ട്രോഫി വള്ളംകളി പുന്നമട ട്രാക്കിൽ സ്ഥിരമായി ആരംഭിച്ചത്. ഇത്തവണത്തെ സംഘാടനത്തിന്റെ നേതൃത്വം കളക്ടർ അലക്സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, സബ് കലക്ടർ സമീർ കിഷൻ എന്നിവർക്കാണ്.
Tag: Nehru Trophy boat race 2025 today