നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പ് പ്രതിസന്ധിയിലേക്ക്
ആലപ്പുഴ: കോവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലായ ഉത്സവനടത്തിപ്പുകള്‍ ഓരോന്നായി തിരിച്ചുവരികയാണ്. എന്നാല്‍ ഇടിത്തീ പോലെ ഒമിക്രോണ്‍ വൈറസ് വ്യാപനം വന്നതോടെ വീണ്ടും പ്രതിസന്ധിയിലേക്ക് ലോകം എത്തുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ നെഹ്‌റു ട്രോഫി വളളംകളി നടത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. വളളംകളി നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ദുരന്തനിവാരണ അതോറിറ്റിയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. ജലമേള നടത്തുന്നതിനായി ഒരു മാസം മുമ്പ് ദുരന്തനിവാരണ അതോറ്റിക്ക് നല്‍കിയ കത്തില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതോടെ വളളംകളി മുടങ്ങുമെന്ന ആശങ്കയിലാണ് ബോട്ട് ക്ലബുകള്‍. വള്ളംകളി നടത്തണമെങ്കില്‍ മൂന്നു കോടി രൂപയെങ്കിലും ചിലവുണ്ട്. ഇതില്‍ 1.95 കോടി ക്ലബുകള്‍ക്ക് ബോണസ് തുക തന്നെ നല്‍കണമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ അയ്യായിരം ടിക്കറ്റുകള്‍ വിറ്റഴിക്കാനായിരുന്നു സര്‍ക്കാര്‍ ആലോചന. സ്പോണ്‍സണ്‍മാരെ കിട്ടുക എന്നതും ശ്രമകരമാണ്. അതിനാല്‍ മിക്കവരും ജലമേളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിക്കുകയാണ് മന്ത്രി വ്യക്തമാക്കി. കോവിഡ് മൂലം രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന നെഹ്‌റു ട്രോഫി ജലമേള നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. ബോട്ട് ക്ലബുകള്‍ക്ക് മാത്രമല്ല വിനോദസഞ്ചാര മേഖലയ്ക്കും പ്രതീക്ഷ നല്‍കുന്നതായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മത്സരം നടത്തുമെന്ന പ്രതീക്ഷയില്‍ ആഴ്ചകളായി പല ക്ലബുകളും പരിശീലനത്തിലേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനമല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായില്ല.