Kerala NewsLatest NewsNational

അഫ്ഗാന്‍ ജയിലിലുള്ള ഐഎസ് വനിത ആയിഷയെ നാട്ടിലെത്തിക്കണമെന്ന് പിതാവ്; സുപ്രീം കോടതിയില്‍

അഫ്ഗാനിസ്ഥാനില്‍ ജയില്‍ തടവില്‍ കഴിയുന്ന മകളേയും ചെറുമകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയെ സമീപിച്ചു.

അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഐ.സ് അംഗമായ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് സെബാസ്റ്റ്യന്‍ സേവ്യര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കാസര്‍കോട് പടന്ന സ്വദേശിയായ ഭര്‍ത്താവിനൊപ്പം രാജ്യം വിട്ട ആയിഷ ദേശീയ അന്വേഷണ ഏജന്‍സിയുടെ രജിസ്റ്റര്‍ ചെയ്ത യു.എപി.എ കേസില്‍ പ്രതിയാണ്. ഭര്‍ത്താവ് റാഷിദ് അബ്ദുല്ല എഞ്ചിനീയറായിരുന്നു.

രാജ്യ സുരക്ഷയ്ക്ക് ഭീഷണി അല്ലാത്തതിനാല്‍ രാജ്യാന്തരതലത്തില്‍ തന്നെ വനിതാ ഭീകരവാദികളോട് മൃദു സമീപനമാണ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത് എന്നാണ് ഹര്‍ജിയില്‍ പറയുന്നു. അഫ്ഗാനിലെ പുല്‍ ഇ ചര്‍ക്കി ജയിലിലാണ് നിലവില്‍ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനും ഏഴ് വയസുള്ള മകളും തടവില്‍ കഴിയുന്നത്. ആയിഷയുടെ ഭര്‍ത്താവ് റാഷിദ് അബ്ദുല്ല 2019 ല്‍ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനില്‍ വെച്ച്‌ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതോടെ കേരളത്തില്‍ നിന്ന് പോയ സ്ത്രീകളെല്ലാം ഇപ്പോള്‍ ജയിലിലാണ് എന്നാണ് കരുതുന്നത്. അമേരിക്കന്‍ സൈന്യവും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ നിയന്ത്രണം നേടുകയാണ്. ഈ സാഹചര്യത്തിലാണ് സെബാസ്റ്റ്യന്‍ സേവ്യറിന്റെ ഹര്‍ജി.

2016 ല്‍ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാല്‍ ഇരുവരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആയിഷയുടെ മകള്‍ സാറയുടെ പ്രായം കൂടി പരിഗണക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎപിഎ നിയമപ്രകാരം ആയിഷയ്‌ക്കെതിരെ എന്‍ ഐ എ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ എത്തിച്ച ശേഷം ഈ കേസില്‍ വിചാരണ നടത്തണമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button