നെന്മാറ സജിത വധക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

നെന്മാറ സജിത വധക്കേസിൽ പ്രതിയായ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കൂടാതെ നാല് ലക്ഷം ഇരുപത്തിയയ്യായിരം രൂപ പിഴയും അടയ്‌ക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, അനധികൃതമായി വീട്ടിൽ കയറുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. മുൻവൈരാഗ്യത്തോടും കൊലചെയ്യാനുള്ള ഉദ്ദേശത്തോടും കൂടിയാണ് ചെന്താമര കുറ്റകൃത്യം നടത്തിയത് എന്നതാണ് കോടതിയുടെ നിരീക്ഷണം. ഈ കേസ് “അപൂർവങ്ങളിൽ അപൂർവമായത്” എന്ന തരത്തിലുള്ളതല്ലെന്നും പ്രതിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോടതി വ്യക്തമാക്കി.
രണ്ട് വകുപ്പുകൾ പ്രകാരമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാമെന്ന് കോടതി വ്യക്തമാക്കി. 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം, 201-ാം വകുപ്പ് പ്രകാരം അഞ്ച് വർഷം, 449-ാം വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്. സജിതയുടെ മക്കൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
പ്രതിയിൽ മാറ്റത്തിനുള്ള സാധ്യതയില്ലെന്നും, ഭാവിയിൽ പരോൾ അനുവദിക്കേണ്ടി വന്നാൽ സജിതയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ സജിതയുടെ മക്കളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
2019 ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ അയൽവാസിയായിരുന്ന സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഭാര്യ പിണങ്ങി പോകാൻ സജിത കാരണക്കാരിയാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ചെന്താമരയുടെ ഭാര്യയും മകളും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. സജിതയും കുടുംബവും തന്റെ നേരെ ദുര്‍മന്ത്രവാദം നടത്തുകയാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു.
Tag: Nenmara Sajitha murder case; Chenthamara gets double life sentence