ഗസയില്‍ ഹമാസ് തടവിലാക്കിയിരുന്ന നേപ്പാളി വിദ്യാര്‍ത്ഥി ബിപിന്‍ ജോഷി മരിച്ചതായി സ്ഥിരീകരിച്ചു; ആരാണ് ബിപിന്‍ ജോഷി?

ഗസയില്‍ ഹമാസ് തടവിലാക്കിയിരുന്ന നേപ്പാളി വിദ്യാര്‍ത്ഥി ബിപിന്‍ ജോഷി മരിച്ചതായി ഇസ്രയേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. 20 ബന്ദികളെ മോചിപ്പിച്ചതിന്റെ സന്തോഷം നിലനില്‍ക്കെയായിരുന്നു ബിപിന്‍ ജോഷിയുടെ വിയോഗവാര്‍ത്ത എത്തിയത്. ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കൈമാറിയ നാല് മൃതദേഹങ്ങളില്‍ ഒന്നായിരുന്നു ബിപിന്‍ ജോഷിയുടേത്. സഹപാഠികളുടെ ജീവന് രക്ഷിക്കാന്‍ കാണിച്ച അതുല്യ ധൈര്യം അദ്ദേഹത്തെ ലോകശ്രദ്ധയിലെത്തിച്ചിരുന്നു.
22 വയസ്സായ ബിപിന്‍ ജോഷി നേപ്പാളില്‍ നിന്നുള്ള കാര്‍ഷിക വിദ്യാർത്ഥിയായിരുന്നു. കിബ്ബട്ട്സ് അലുമിം എന്ന സ്ഥലത്തെ കാര്‍ഷിക പരിശീലന പരിപാടിക്കായി 2023 സെപ്റ്റംബറില്‍ അദ്ദേഹം ഇസ്രയേലില്‍ എത്തിയിരുന്നു. ഹമാസ് ആക്രമണത്തിന് ശേഷം ജീവനോടെയുണ്ടെന്ന് കരുതപ്പെട്ടിരുന്ന ഏക ഇസ്രയേലി അല്ലാത്ത ബന്ദിയായിരുന്നു അദ്ദേഹം. ബിപിന്‍ ജോഷിയുടെ ഭൗതികാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച രാത്രി വൈകി ഹമാസ് ഇസ്രയേലി അധികാരികള്‍ക്ക് കൈമാറിയതായി നേപ്പാള്‍ അംബാസഡര്‍ ധന് പ്രസാദ് പണ്ഡിറ്റ് സ്ഥിരീകരിച്ചു.
ഇസ്രയേലി സൈനിക വക്താവ് എഫി ഡെഫ്രിനും നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് തിരികെ നല്‍കിയതായി അറിയിച്ചു. ബിപിന്‍ ജോഷിയുടെ ശരീരം നേപ്പാളിലേക്ക് അയയ്ക്കുന്നതിന് മുന്‍പ് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ നേപ്പാളി എംബസിയുമായുള്ള സഹകരണം അടിസ്ഥാനമാക്കി സംസ്കാര ചടങ്ങുകള്‍ ഇസ്രയേലില്‍ വെച്ച് നടത്താനാണ് തീരുമാനം.
2023 ഒക്ടോബര്‍ 7-നാണ് ബിപിന്‍ ജോഷിയെയും സഹപാഠികളെയും ആക്രമണം നേരിടേണ്ടി വന്നത്. ഹമാസ് തീവ്രവാദികള്‍ അപ്രതീക്ഷിതമായി കിബ്ബട്ട്സ് അലുമിമില്‍ ആക്രമണം നടത്തിയപ്പോള്‍, വിദ്യാര്‍ത്ഥികള്‍ ഷെല്‍ട്ടറില്‍ അഭയം തേടി. അക്രമികള്‍ ഗ്രനേഡ് അകത്ത് എറിഞ്ഞപ്പോള്‍, അത് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ബിപിന്‍ ധൈര്യത്തോടെ പുറത്തേക്ക് വലിച്ചെറിഞ്ഞ് നിരവധി സഹപാഠികളുടെ ജീവന് രക്ഷിച്ചു. അതിനിടെ പരിക്കേറ്റ ബിപിന്‍ പിന്നീട് ഹമാസ് തോക്കുധാരികളാല്‍ പിടിക്കപ്പെട്ടു ഗാസയിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് പുറത്തുവിട്ട ഇസ്രയേലി സൈന്യത്തിന്റെ ദൃശ്യങ്ങളിലായിരുന്നു ബിപിന്‍ ജോഷിയെ അവസാനമായി ജീവനോടെ കണ്ടത്. ഹമാസ് അംഗങ്ങള്‍ അദ്ദേഹത്തെ ഗാസയിലെ ഷിഫ ആശുപത്രിയിലേക്ക് വലിച്ചിഴക്കുന്നതായി വീഡിയോയില്‍ കാണാമായിരുന്നു.
മകന്റെ മോചനത്തിനായി ബിപിന്‍ ജോഷിയുടെ അമ്മയും സഹോദരിയും നേപ്പാള്‍, ഇസ്രയേല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പി.ടി.ഐ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തടവിലായവരില്‍ ജീവനോടെയുണ്ടെന്ന് കരുതപ്പെട്ട ഏക വിദേശ വിദ്യാര്‍ത്ഥിയായിരുന്നു ബിപിന്‍. ഫോറന്‍സിക് പരിശോധനകളും ഇന്റലിജന്‍സ് വിവരങ്ങളും അടിസ്ഥാനമാക്കി ഇസ്രയേല്‍ അധികാരികള്‍ ഇതുവരെ 26 ബന്ദികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
Tag: Nepali student Bipin Joshi, who was being held captive by Hamas in Gaza, confirmed dead; Who is Bipin Joshi?