നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിങിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മുൻ നേപ്പാൾ ഇലക്ട്രിസിറ്റി ബോർഡ് സി.ഇ.ഒ. കുല്‍മാന്‍ ഗിസിങിനെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. കെ.പി. ശർമ്മ ഒലി രാജിവെച്ചതിനെ തുടർന്നാണ് പ്രതിഷേധം നയിക്കുന്ന ‘ജെൻ സി’ വിഭാഗം ഗിസിങിന്റെ പേര് മുന്നോട്ടുവച്ചത്.
പ്രക്ഷോഭത്തെ തുടർന്ന് സൈന്യം രാജ്യത്ത് കര്‍ഫ്യൂയും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വത്തിന് മുൻ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി, കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ എന്നിവരുടെ പേരിനൊപ്പം കുല്‍മാന്‍ ഗിസിങിനെയും ‘ജെൻ സി’ വിഭാഗം ചര്‍ച്ച ചെയ്യുന്നതായി വിവരമുണ്ട്.
54 കാരനായ കുല്‍മാന്‍ ഗിസിങ് നേപ്പാളിലെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ തലവനാണ്. കാഠ്മണ്ഡു താഴ്വരയില് വര്‍ഷങ്ങളോളം നീണ്ടുനിന്ന വൈദ്യുതി തടസ്സം പൂര്‍ണ്ണമായും പരിഹരിച്ചതിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്.
1970 നവംബര്‍ 25-ന് റമച്ചാപ്പിലെ ബെത്താനിലാണ് ഗിസിങ് ജനിച്ചത്. ജംഷഡ്പൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും, നേപ്പാളിലെ പുള്ചൗക്ക് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എം.ബി.എയും നേടി.
2016 സെപ്റ്റംബര്‍ 14-ന് നാല് വര്‍ഷത്തേക്ക് നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മാനേജിംഗ് ഡയറക്ടറായി അദ്ദേഹം നിയമിതനായി. 2021 ഓഗസ്റ്റ് 11-ന് വീണ്ടും അതേ സ്ഥാനത്തേക്ക് മടങ്ങിയെങ്കിലും, 2025 മാര്‍ച്ചില്‍ ഒലി സര്‍ക്കാര്‍ അദ്ദേഹത്തെ നീക്കി. വൈദ്യുതി-ജലവിഭവ വകുപ്പ് മന്ത്രി ദീപക് ഖഡ്കയുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് നീക്കത്തിന് കാരണമെന്ന് കരുതുന്നു. മികച്ച പ്രകടനങ്ങളെ അവഗണിച്ച് രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിലാണ് നടപടി ഉണ്ടായതെന്നായിരുന്നു വ്യാപക വിമര്‍ശനം.
പ്രക്ഷോഭത്തിനിടെ, നല്ല പ്രതിച്ഛായയുള്ളവരെ ഉള്‍പ്പെടുത്തി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നും യുവാക്കളെ അതില്‍ പങ്കെടുപ്പിക്കണമെന്നും ഗിസിങ് ആവശ്യപ്പെട്ടിരുന്നു. വേഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വത്തിന് ‘ജെന്‍ സി’ വിഭാഗം ഗിസിങിനെ പ്രധാന സ്ഥാനാര്‍ത്ഥിയായി കാണുകയാണ്.
Tag: Nepal’s political crisis: Report suggests Kulman Gising is being considered for the post of Prime Minister