എച്ച്-1ബി വീസ ഫീസ് വർധനയിൽ ട്രംപിനെ പ്രസംസിച്ച് നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ ; മികച്ച പരിഹാരമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു
വീസയ്ക്ക് പ്രതിവർഷം 1,00,000 ഡോളർ നികുതിയെന്നത് മികച്ച പരിഹാരമാണ്.

വാഷിങ്ടൻ : എച്ച്-1ബി വീസയ്ക്ക് ഒരു ലക്ഷം ഡോളർ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ച് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്സിന്റെ സഹസ്ഥാപകൻ റീഡ് ഹേസ്റ്റിങ്സ്. വിവാദപരമായ പദ്ധതിയെ ‘മികച്ച പരിഹാരം’ എന്നാണ് ഹേസ്റ്റിങ്സ് വിശേഷിപ്പിച്ചത്. ‘‘30 വർഷമായി എച്ച്–1ബി നയ വിഷയത്തിൽ പ്രവർത്തിച്ചുവരുന്നയാളാണ് ഞാൻ. വീസയ്ക്ക് പ്രതിവർഷം 1,00,000 ഡോളർ നികുതിയെന്നത് മികച്ച പരിഹാരമാണ്. അതായത്, ഉയർന്ന മൂല്യമുള്ള ജോലികൾക്ക് മാത്രമായി എച്ച്–1ബി വീസകൾ മാറ്റിവയ്ക്കപ്പെടുമെന്ന് ഈ ഉയർന്ന ഫീസ് ഉറപ്പാക്കും.’’ – ഹേസ്റ്റിങ്സ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
https://x.com/reedhastings/status/1969828972688248953
ഫീസ് വർധനവിനോടുള്ള ഹേസ്റ്റിങ്സിന്റെ അനുകൂല നിലപാട് നിരീക്ഷകരെയുൾപ്പെടെ ഞെട്ടിച്ചിരുന്നു. ട്രംപിന്റെ നടപടികളെ എതിർത്തിരുന്നയാളായിരുന്നു ഹേസ്റ്റിങ്സ്. അമേരിക്കയുടെ മഹത്തായ പലതിനെയും ട്രംപ് നശിപ്പിക്കുമെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിട്ടുണ്ട്. ഓരോ വർഷവും 85,000 പുതിയ എച്ച്-1ബി വീസകൾ യുഎസ് അനുവദിക്കാറുണ്ട്. സമീപ വർഷങ്ങളിൽ ഈ സംവിധാനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. ആർക്കാണ് വീസ ലഭിക്കേണ്ടതെന്നു തീരുമാനിക്കാൻ യുഎസ് ഒരു ലോട്ടറി സംവിധാനമാണ് ഉപയോഗിക്കുന്നത്.
ഇതുമൂലം ചിലപ്പോൾ ഉയർന്ന വൈദഗ്ധ്യമുള്ള അപേക്ഷകർക്കു പോലും വീസ നിഷേധിക്കപ്പെടുന്നുവെന്ന ആക്ഷേപം ഉയരുന്നുമുണ്ട്. എച്ച്–1ബി വീസകളുടെ ചെലവു വർധിപ്പിക്കുന്നതിലൂടെ, അമേരിക്കൻ തൊഴിലാളികളെ കൂടുതൽ നിയമിക്കാനും രാജ്യത്തിനു പുറത്തേക്കുള്ള ഔട്ട്സോഴ്സിങ് കുറയ്ക്കാനും കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് യുഎസിന്റെ ലക്ഷ്യം. ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ മാത്രം കൊണ്ടുവരാനെ ഇനി കമ്പനികൾ ശ്രമിക്കൂ. അമേരിക്കൻ ജോലികൾ സംരക്ഷിക്കുക എന്നതാണ് ഈ ഫീസ് വർധനയ്ക്കു പിന്നിൽ.
tag: Netflix co-founder praised Trump over the increase in H-1B visa fees; he wrote in x that it’s a great solution.