‘ഷെയിം ഓണ്‍ യു കമല്‍’; കമലിനെതിരെ ഹാഷ് ടാഗ് ക്യാംപെയ്നുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവികളായവര്‍ക്ക് സ്ഥിരനിയമനത്തിന് സംവിധായകന് കമല്‍ നല്കിയ ശുപാര്‍ശ വിവാദമായ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ് ശബരീനാഥന് എംഎല്‍എയും പിസി വിഷ്ണുനാഥും. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇരുവരും ഉയര്‍ത്തിയത്. ഷെയിം ഓണ്‍ യു കമല്‍ ഹാഷ്ടഗ് ഉയര്‍ത്തിയാണ് വിമര്‍ശനം.
- കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമല്‍ മന്ത്രി എ കെ ബാലന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതോടെയാണ് സംഭവം ചര്‍ച്ചയായത്.
കെ എസ് ശബരീനാഥന്റെ ഫേസ്ബുക്ക് കുറിപ്പ്…..
കമല്‍ എന്ന സംവിധായകനെ ഞാന്‍ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ മാനുഷികമൂല്യങ്ങള്‍ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാല്‍ കമല്‍ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് എല്ലാ മാനുഷികമൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികള്‍ക്ക് ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരനിയമനം നല്‍കിയിരിക്കുകയാണ്.
സ്ഥിരനിയമനം ശുപാര്‍ശചെയ്ത അദ്ദേഹം മന്ത്രിക്ക് എഴുതിയ ഫയലിലെ വാക്കുകള്‍ നമ്മള് ശ്രദ്ധിക്കണം… ‘ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും’PSC ജോലി കിട്ടാതെ യുവാക്കള്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്കാരിക നായകര്‍ കേരളത്തിന് അപമാനമാണ്.