കത്വ-ഉന്നാവ് പെണ്‍കുട്ടികള്‍ക്കുള്ള ഫണ്ടില്‍ ഒരുകോടി വെട്ടിച്ചു, പി കെ ഫിറോസിനെതിരെ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് ദേശീയ നേതാവ്

കോഴിക്കോട് ; ഇതിനായിരുന്നോ പള്ളികളില്‍ നിന്നടക്കം പണം പിരിച്ചത്. കത്വ,ഉന്നാവ് പെണ്‍കുട്ടികള്‍ ഇരകളാണ്. അവരുടെ പേര് വെച്ച് വേണമായിരുന്നോ ഈ പണക്കൊതി. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ തിരിമറി നടന്നതായി യൂത്ത് ലീഗ് ദേശീയ നിര്വാഹക സമിതി അംഗം യൂസഫ് പടനിലം വെളിപ്പെടുത്തി മുസ്ലിം യൂത്ത് ലീഗിനെതിരെ വന്‍ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായാണ് യുസഫ് പടനിലം രംഗത്തെത്തിയത്. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ വിനിയോഗിച്ചതായാണ് ആരോപണം. പിരിച്ചെടുത്ത തുകയില്‍ ഒരു രൂപ പോലും ഇരകള്‍ക്ക് കൈമാറിയില്ലെന്നും യൂസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്ത ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി തങ്ങളെ പാര്‍ട്ടിക്കുള്ളില്‍ അവഹേളിക്കുവാന്‍ ശ്രമിച്ചതായും യൂസഫ് പടനിലം വെളിപ്പെടുത്തി. ഈ അഴിമതി ചോദ്യം ചെയ്താണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍് ഗഫാര്‍ രാജിവെച്ചത്. നിരവധി തവണ യൂത്ത് ലീഗിലും മുസ്ലീം ലീഗിന്റെ ദേശീയ നേതാക്കളെ ഉള്‍പ്പെടെ വിഷയം അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ആരോപണ വിധേയരായ നേതാക്കളെ ലീഗ് നേതൃത്വം സംരക്ഷിക്കുകയാണ്. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്കും. ബാങ്ക് വിവരം പുറത്ത് വിടാന്‍് യൂത്ത് ലീഗ് തയ്യാറാകണമെന്നും യൂസഫ് പറഞ്ഞു.
കത്വ-ഉന്നാവോ വിഷയങ്ങളില്‍ കുടുംബങ്ങളെ നിയമപരമായും അല്ലാതെയും സഹായിക്കാനെന്ന പേരിലാണ് യൂത്ത് ലീഗ് പണപ്പിരിവ് നടത്തിയത്. പി കെ ഫിറോസ് നയിച്ച 2019ലെ യുവജന യാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് ഉന്നാവ് ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു. 2018ല്‍ പിരിച്ച ഫണ്ടില്‍ നിന്നും ഒരു രൂപ പോലും കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈ മാറിയിട്ടില്ല എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് യൂത്ത് ലീഗിനെതിരെ ദേശീയ സമിതി അംഗം ഉയര്‍ത്തിയത്.