ഇന്ത്യ–ചൈന ബന്ധത്തിൽ പുതിയ മുന്നേറ്റം; വിമാന സർവീസും അതിർത്തി വ്യാപാരവും പുനരാരംഭിക്കും
ഇന്ത്യ–ചൈന ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും പ്രധാന നടപടികൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒൻപത് മാസമായി യഥാർത്ഥ നിയന്ത്രണരേഖയിൽ സമാധാനവും ശാന്തതയും നിലനിൽക്കുന്നതിനാൽ ഇരുരാജ്യങ്ങളുടെ ബന്ധത്തിൽ പുരോഗതി ഉണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അറിയിച്ചു. അദ്ദേഹം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതികരിച്ചത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പുനസ്ഥാപിക്കും. നാഥുല പാസ് അടക്കമുള്ള മൂന്ന് അതിർത്തി മാർഗങ്ങളിലൂടെ വ്യാപാരം വീണ്ടും ആരംഭിക്കും. ടൂറിസ്റ്റ്, ബിസിനസ് വിസകൾ നൽകിത്തുടങ്ങും. അതിർത്തിയിൽ സേന പിന്മാറ്റത്തിനുള്ള ധാരണ നടപ്പാക്കും. അതിർത്തി വ്യക്തമായി നിർണയിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. മധ്യ, കിഴക്കൻ മേഖലകളിലടക്കം തർക്കപരിഹാര സംവിധാനം കൊണ്ടുവരും. ഇപ്പോൾ ഇത് വടക്കൻ മേഖലയിൽ മാത്രമേ നിലവിലുള്ളൂ.
2026ൽ ബ്രിക്സ് ഉച്ചകോടി ഇന്ത്യയിൽ നടക്കും. പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും. ഇന്ത്യ–ചൈന നയതന്ത്രബന്ധത്തിന്റെ 75ാം വാർഷികം ഇക്കൊല്ലം ആഘോഷിക്കും.
അജിത് ഡോവലിനൊപ്പം വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും വാങ് യി കൂടിക്കാഴ്ച നടത്തി. പല മേഖലകളിലും മുന്നോട്ട് പോകാൻ കഴിഞ്ഞെന്നും ബന്ധത്തിൽ പുതിയ ഊഷ്മളത കെെവന്നെന്നും ഡോവൽ വ്യക്തമാക്കി. 2020ലെ ഗാൽവൻ താഴ്വര സംഘർഷത്തിനു ശേഷമുള്ള ബന്ധം സാധാരണ ഗതിയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ച നടന്നത്.
ന്യൂഡൽഹിയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ വാങ് യി കൂടിക്കാഴ്ച നടത്തി. ഈ മാസം അവസാനം ചൈനയിൽ നടക്കുന്ന ഷാങ്‌ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി ചൈന സന്ദർശിക്കാനിരിക്കുകയാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള ചൈനീസ് പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണക്കത്തും വാങ് യി മോദിക്ക് കൈമാറി.
Tag: New breakthrough in India-China relations; Air services and border trade to resume