കോവിഡ് ഇളവുകള്‍; നാളെക്കഴിഞ്ഞ് സംസ്ഥാനത്ത് വരാന്‍ ഇടയുള്ള മാറ്റങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ഒന്നര മാസം അടച്ചിട്ടിട്ടും കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ,സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നയം മാറ്റുന്നു. നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സംസ്ഥാന തല കൊവിഡ് അവലോകനയോഗം പുതിയ സമീപനത്തിന് രൂപം നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും പരിഗണിക്കും.
വാരാന്ത്യ ലോക്ക് ഡൗണ്‍ ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍. മേയ് നാലുമുതല്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണുണ്ട്. ഇതുമൂലം വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലും കടകളിലും നിരത്തുകളിലും വന്‍ തിരക്കാണ്. ഇത് കൊവിഡ് വ്യാപനം ശക്തിപ്പെടുത്തുന്നു.ആഴ്ചയില്‍ മൂന്ന് ദിവസം കടകള്‍ അടച്ചിടുന്നത് ഒഴിവാക്കി എല്ലാദിവസവും തുറക്കാനും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനും അനുമതി നല്‍കലും ആലോചനയുണ്ട്. അടച്ചിടല്‍ ഒഴിവാക്കി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കൊവിഡ് പ്രോട്ടോക്കോളാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതി തയ്യാറാക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ഇത് ചര്‍ച്ച ചെയ്ത ശേഷം അവലോകന യോഗത്തില്‍ സമര്‍പ്പിക്കും.
ടി.പി.ആര്. നിരക്കും രോഗികളുടെ എണ്ണവും മാത്രം മാനദണ്ഡമാക്കി പൊതു നിയന്ത്രണം വേണ്ടെന്ന നിലപാടിലാണ് വിദഗ്ധ സമിതി. പകരം, ടി.പി.ആര്. കൂടിയ ഇടങ്ങള്‍ മൈക്രോ കണ്ടയിന്മെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണം കൊണ്ടു വരും. എന്നാല്‍ വിവാഹം, മരണം, മറ്റു പൊതുചടങ്ങുകള്‍ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം തുടരും. ആള്‍ക്കൂട്ട നിയന്ത്രണത്തിന് കര്‍ശന നിലപാട് സ്വീകരിക്കും.. കൊവിഡ് പരിശോധനകള്‍ ഇരട്ടിയാക്കും.
രോഗ വ്യാപനം വര്ദ്ധനച്ചെങ്കിലും ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കൂടുതലില്ല. അതിനാല്‍ വാക്സിനേഷന് കൂടുതല്‍ ഊര്‍ജിതമാക്കാനും നവീക്കമുണ്ട്.വാക്സിനേഷന് രണ്ടുകോടികവിഞ്ഞിട്ടും, ടി.പി.ആര് കുറയാതെ നില്‍ക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നു.
കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണം കടുപ്പിക്കണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം. അതില്‍ കേരളവും മഹാരാഷ്ട്രയുമാണ് കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ളത്. രാജ്യത്ത് 46 ജില്ലകള്‍ കൊവിഡ് ഗുരുതരമായി ബാധിച്ച സ്ഥിതിയിലാണ്. ഇതില്‍ കേരളത്തിലെ എട്ട് ജില്ലകളുമുണ്ട്. കൊവിഡ് ബാധിച്ചവര്‍ ആശുപത്രികളില്‍ പോകാതെ വീടുകളില്‍ കഴിയുന്നത് കൊവിഡ് വ്യാപനം കൂട്ടുന്നുവെന്നാണ് വിലയിരുത്തല്‍. വീട്ടുകാര്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.