പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി; രതീഷിന്‍റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്‍റെ മരണത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ശ്രീരാഗ് ഉള്‍പ്പടെ രണ്ട് പ്രതികള്‍ക്കൊപ്പമാണ് രതീഷ് ഒളിവില്‍ കഴിഞ്ഞത്. പ്രതികള്‍ തമ്മില്‍ സ്ഥലത്ത് വെച്ച് വാക്കു തര്‍ക്കമുണ്ടായെന്നും പൊലീസിന് സൂചന ലഭിച്ചു.
അതേസമയം കേസില്‍ അന്വേഷണ സംഘം പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി . ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ഇന്ന് കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന്‍റെ ദൃക്സാക്ഷികളായ അയല്‍വാസികള്‍ പ്രാദേശിക ലീഗ് പ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്.
സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പ്രതി ശ്രീരാഗിന്‍റെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. കേസ് ആദ്യം അന്വഷിച്ച സംഘം ശേഖരിച്ച വിവരങ്ങളും പുതിയ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ആദ്യ പ്രതിപ്പട്ടികയിലുള്ള ഏഴ് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലെ പാര്‍ട്ടി സ്വാധീന മേഖലകളില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം. ഇതേ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.