കൊറോണ വൈറസ് മിനുസമുള്ള പ്രതലങ്ങളില്‍ 28 ദിവസം നിലനില്‍ക്കുമെന്ന് പുതിയ പഠനം

സിഡ്നി: കൊവിഡ്-19 നു കാരണമായ നോവല്‍ കൊറോണ വൈറസ്, ഗ്ലാസുകള്‍, സ്റ്റെയിന് ലെസ് സ്റ്റീല്‍ തുടങ്ങിയ മിനുസമുള്ള പ്രതലങ്ങളില്‍ 28 ദിവസം നിലനില്‍ക്കുമെന്നു പുതിയ പഠനം. ഓസ്ട്രേലിയന്‍ നാഷണല്‍ സയന്‍സ് ഏജന്‍സി നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടുപിടുത്തം. 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ കൊറോണ വൈറസ് 28 ദിവസം വരെ നിലനില്ക്കും. 20, 30, 40 ഡിഗ്രി സെല്‍ഷ്യസുകളില്‍ വൈറസിന്റെ ദൈര്‍ഘ്യത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ കുറഞ്ഞ താപനിലയില്‍ വൈറസ് കൂടുതല്‍ സമയം നിലനില്‍ക്കുമെന്നും ഒപ്പം പരുക്കന്‍ പ്രതലങ്ങളില്‍ വൈറസ് കൂടുതല്‍ സമയം അതിജീവിക്കില്ലെന്നും കണ്ടെത്തിയിരിക്കുന്നത്. കോട്ടന്‍ വസ്ത്രങ്ങള്‍, പേപ്പര്‍ കറന്‍സി എന്നിവയില്‍ കൊറോണ വൈറസ് കൂടുതല്‍ സമയം നിലനില്ക്കുന്നില്ല എന്നും പഠനം പറയുന്നു.
കൂടെക്കൂടെ കൈകളും ഗ്ലാസുകളും മൊബൈല്‍ കവറുകളും മറ്റും സാനിറ്റൈസ് ചെയ്യണമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ്-19 നെ പ്രതിരോധിക്കുന്നതില്‍ ഓസ്ട്രേലിയ മറ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. 27000 കൊവിഡ് കേസുകളാണ് ഓസ്ട്രേലിയയിൽ ഇതുവരെ സ്ഥിരീകരിച്ചത്. 898 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
കൊവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിൽ ഉള്ള പുതിയ പഠനം ലോക മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നതാണ്. ഇതിനകം മൂന്നര കോടി ജനങ്ങളെയാണ് കൊവിഡ് ബാധിച്ചത്.
എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നു. 80 കോടിയോളം ജനങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. 10 ലക്ഷത്തിലേറെ ആളുകള്‍ ഇതിനകം രോഗബാധിതരായി മരണപെട്ടു. രോഗ വ്യാപനം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു.