Kerala NewsLatest News

കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ 32 വീടുകൾ തകർന്നു; 308 പേരെ മാറ്റിപ്പാർപ്പിച്ചു

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവനന്തപുരം ജില്ലയിൽ നാശനഷ്‌ടം വിതച്ച് കനത്ത മഴയും ശക്തമായ കാറ്റും. തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. ജില്ലയിൽ 78 കുടുംബങ്ങളിലായി 308 പേരെ മാറ്റി പാർപ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനുള്ള 318 കെട്ടിടങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയതായി ജില്ലാ കളക്ടർ ഡോ: നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം താലൂക്കിൽ നാലു ദുരിതാശ്വാസ ക്യാംപുകളിലായി 44 കുടുംബങ്ങളിലെ 184 പേരെ മാറ്റി പാർപ്പിച്ചു. പേട്ട വില്ലേജിൽ സെന്റ് റോച്ചസ് സ്‌കൂളിൽ 19 കുടുംബങ്ങളിലെ 60 പേർ കഴിയുന്നുണ്ട്. ചാക്ക ഗവൺമെന്റ് യു.പി. സ്‌കൂളിലെ ക്യാംപിൽ ഒരു കുടുംബത്തിലെ നാലു പേരെ മാറ്റി പാർപ്പിച്ചു. മണക്കാട് വില്ലേജിൽ കാലടി ഗവൺമെന്റ് സ്‌കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാംപിൽ ആറു കുടുംബങ്ങളിലെ 21 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഠിനംകുളം വില്ലേജിൽ 18 കുടുംബങ്ങളിലെ 99 പേരെ മാറ്റി പാർപ്പിച്ചു.


ചിറയിൻകീഴ് താലൂക്കിൽ രണ്ടു ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്. അഞ്ചുതെങ്ങ് സെന്റ് ജോസ്ഫ്‌സ് സ്‌കൂളിൽ നാലു കുടുംബങ്ങളിലെ 10 പേരെയും ബി.ബി.എൽ.പി.എസിൽ ഏഴു കുടുംബങ്ങളിലെ 14 പേരെയും മാറ്റി പാർപ്പിച്ചു.

നെയ്യാറ്റിൻകര താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. അടിമലത്തുറ അനിമേഷൻ സെന്ററിൽ തുറന്ന ക്യാംപിൽ രണ്ടു കുടുംബങ്ങളിലെ എട്ടു പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം ഹാർബർ എൽ.പി. സ്‌കൂളിലെ ക്യാംപിൽ എട്ടു കുടുംബങ്ങളിലെ 38 പേരും പൊഴിയൂർ ജി.യു.പി.എസിൽ 13 കുടുംബങ്ങളിലെ 51 പേരെയും മാറ്റി പാർപ്പിച്ചു.

നെയ്യാറ്റിൻകര താലൂക്കിൽ ഒരു വീട് പൂർണമായും 13 എണ്ണം ഭാഗീകമായും തകർന്നു. തിരുവനന്തപുരം താലൂക്കിൽ മൂന്ന്, വർക്കല – 4, നെടുമങ്ങാട് – 9, ചിറയിൻകീഴ് -3 എന്നിങ്ങനെയാണു മറ്റു താലൂക്കുകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.

ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ കുടുതലായി തുറക്കേണ്ടിവന്നാൽ ആവശ്യമായ കെട്ടിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം -91, നെയ്യാറ്റിൻകര – 46, നെടുമങ്ങാട് -75, ചിറയിൻകീഴ് – 60, വർക്കല – 34,കാട്ടാക്കട – 12 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ സജ്ജമാക്കിയിട്ടുള്ള കെട്ടിടങ്ങളുടെ എണ്ണം. എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കും. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഏറ്റവും അടുത്ത ഡൊമിസിലിയറി കെയർ സെന്ററിലേക്കു മാറ്റാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button