Latest NewsNationalNewsUncategorized

പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷനു മുന്നോടിയായുള്ള പരിശോധന ഒഴിവാക്കും

തിരുവനന്തപുരം: പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷനു മുന്നോടിയായുള്ള പരിശോധന ഒഴിവാക്കും. ഓൺലൈൻ രജിസ്‌ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതിയ വാഹനങ്ങൾ രജിസ്‌ട്രേഷനു മുന്നോടിയായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടിയിരുന്നു. എൻജിൻ, ഷാസി നമ്പറുകൾ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഇത്.

‘വാഹൻ’ രജിസ്‌ട്രേഷൻ സംവിധാനത്തിലേക്കു വന്നപ്പോൾ ഇത്തരം പരിശോധന അനാവശ്യമാണെന്നാണു വിലയിരുത്തൽ. വാഹനത്തിന്റെ വിവരങ്ങൾ മുമ്പ് ഷോറൂമുകളിൽനിന്നായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത്. എന്നാൽ ‘വാഹൻ’ സോഫ്റ്റ്‌വേറിൽ വാഹന നിർമാതാക്കളാണ് വിവരങ്ങൾ നൽകുന്നത്. പ്ലാന്റിൽനിന്നു വാഹനം പുറത്തിറക്കുമ്പോൾതന്നെ എൻജിൻ, ഷാസി നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ‘വാഹൻ’ പോർട്ടലിൽ എത്തിയിരിക്കും. വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താൻ മാത്രമാണ് ഡീലർഷിപ്പുകൾക്ക് അനുമതിയുള്ളത്.

നിർമാണത്തിയതി, മോഡൽ, അടിസ്ഥാന വിവരങ്ങൾ എന്നിവയിലൊന്നും മാറ്റംവരുത്താൻ കഴിയില്ല.

ബസ്, ലോറി തുടങ്ങി ഷാസിയിൽ ബോഡി നിർമിക്കുന്ന വാഹനങ്ങൾക്ക് പരിശോധന വേണ്ടിവരും. ഷാസിക്കുമാത്രമാണ് താത്കാലിക പെർമിറ്റ് നൽകുന്നത്. വ്യവസ്ഥകൾ പാലിച്ചാണോ കോച്ച് നിർമിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണ് പരിശോധന നടത്തുന്നത്. ആധാർ വിവരങ്ങൾകൂടി ഉൾക്കൊള്ളിക്കുന്നതോടെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ സുതാര്യമാകും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം ഉടൻ ഇറങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button