ചാണകവും കർപ്പൂരവും കത്തിച്ച് ‘ജയ് ശ്രീറാം ‘വിളി ; കോവിഡിനെ തുരത്താൻ ‘പ്രത്യേക കൂട്ടുമായി’ ബി.ജെ.പി നേതാവ്
ലഖ്നൗ: കോവിഡിനെ തുരത്താനായി പൂജ, ഗോമൂത്ര പാനം , ചാണക പ്രയോഗം , ‘ഗോ കൊറോണ ഗോ ‘, തുടങ്ങിയ പ്രതിവിധികൾക്ക് പിന്നാലെ പുതിയ കണ്ടുപിടുത്തവുമായി ബിജെപി. ശംഖ് ഊതി ജയ് ശ്രീറാം വിളികളോടെ ‘പ്രത്യേക’ കൂട്ട് കത്തിച്ചാണ് കോവിഡിനെ പ്രതിരോധിക്കാൻ ഇവർ ശ്രമിക്കുന്നത്. ഇതിന് നേതൃത്വം കൊടുത്തതാകട്ടെ ബി.ജെ.പി നേതാവായ ഗോപാൽ ശർമയാണ്. ഇതിൽ നിന്നും വരുന്ന പുക അന്തരീക്ഷം ശുദ്ധമാക്കുമെന്നും കോവിഡ് വൈറസിനെ നിശിപ്പിക്കുമെന്നും അവർ വിശ്വസിക്കുന്നു.
”യാഗത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ, ചാണകക്കഷ്ണങ്ങൾ, പശുവിൻ നെയ്യ്, മാവിൻ തടി, കർപ്പൂരം എന്നിവ ചേർത്ത മിശ്രിതമാണ് കത്തിക്കുന്നത്. ഇത് അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ഓക്സിജൻ വർധിപ്പിക്കുകയും അപകടകാരിയായ വൈറസിനെ നശിപ്പിക്കുകയും ചെയ്യും” -ഗോപാൽ ശർമ മാധ്യമങ്ങളോട് വെളിപ്പെടുത്തി .
പ്രതിദിനം ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് വരാത്തതെന്ന് ബി.ജെ.പി എം.പി പ്രഗ്യ സിങ് താക്കൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചതിന് പിന്നാലെയാണ് അശാസ്ത്രീയ പ്രതിരോധ രീതിയുമായി മറ്റൊരു ബി.ജെ.പി നേതാവ് കൂടി രംഗത്തെത്തുന്നത്.
അതെ സമയം കോവിഡിനെ നേരിടാൻ അശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കരുതെന്ന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ് നൽകുമ്ബോഴും അന്ധവിശ്വാസങ്ങൾ കൂടുന്നതല്ലാതെ ഇക്കാര്യത്തിൽ യാതൊരു മാറ്റവും കാണാനില്ല.