കർഷക നിയമ വിരുദ്ധ പ്രമേയത്തിന് കടലാസിന്റെ വിലയെങ്കിലും രാജ്യം കൽപ്പിച്ചിട്ടുണ്ടോയെന്ന് കെ സുരേന്ദ്രൻ.

തിരുവനന്തപുരം / കേരള നിയമസഭ പാസാക്കിയ കേന്ദ്രത്തിന്റെ കർഷക നിയമ വിരുദ്ധ പ്രമേയത്തിന് കടലാസിന്റെ വിലയെങ്കിലും രാജ്യം കൽപ്പിച്ചിട്ടുണ്ടോയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ചോദ്യം. നിയമസഭ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷി ക്കാൻ വേണ്ടിയുളള ഉപകരണം മാത്രമാണോയെന്നു ചോദിച്ച സുരേന്ദ്രൻ ഗതികെട്ടൊരു പ്രതിപക്ഷമാണ് സംസ്ഥാനത്തുളളതെന്നും ആരോപിച്ചു.
സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി മാറുകയാണ്. കേരളത്തിലെ ജനങ്ങളെ നോക്കുകുത്തിയാക്കുന്ന ഇടത് വലതു മുന്നണികളുടെ കളികൾ ജനം തിരിച്ചറിയും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണസംവിധാനം ഉണ്ടാക്കുന്നതിൽ ഇത് വ്യാപകമായിരുന്നു. സംസ്ഥാനത്ത് പല പഞ്ചായത്തുകളിലും എൽ ഡി എഫും യു ഡി എഫും സഖ്യത്തിലാണ്. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ ആറ് സീറ്റുളള യു ഡി എഫ് നാല് സീറ്റുളള എൽ ഡി എഫിനെ അധികാരത്തിലേറ്റിയിരിക്കുന്നു. എൽ ഡി എഫ് സർക്കാരിനെതിരായ വികാരം പ്രകടിപ്പിക്കുന്നതിന് വേണ്ടി പലയിടത്തും ജനങ്ങൾ യു ഡി എഫിന് വോട്ട് ചെയ്തു. എന്നാൽ ജനവിധിയെ അട്ടിമറിച്ചു കൊണ്ട്, യു ഡി എഫ് നിരുപാധികം എൽ ഡി എഫിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സുരേന്ദ്രൻ പറഞ്ഞു.