മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയ്ക്കായി എൻഐഎ കോടതിയെ സമീപിക്കാൻ തീരുമാനം

ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയ്ക്കായി എൻഐഎ കോടതിയെ സമീപിക്കാൻ തീരുമാനം. സീനിയർ അഭിഭാഷകന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹൈക്കോടതിയിൽ ഇന്ന് ഹർജി സമർപ്പിച്ചാൽ നടപടിക്രമങ്ങൾ വൈകുകയും ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയേക്കാമെന്നും, ഹൈക്കോടതി അടുത്ത രണ്ട് ദിവസവും അവധിയിലാണെന്നും, എൻഐഎ കോടതി നാളെ പ്രവർത്തിക്കുമെന്നുമുള്ള സാഹചര്യങ്ങൾ വിലയിരുത്തിയാണ് തീരുമാനം. സെഷൻസ് കോടതി ഉത്തരവിൽ എൻഐഎ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയതിനാലും ഈ നീക്കത്തിന് പിന്തുണ ലഭിച്ചു. സഭാ നേതാക്കളും അറസ്റ്റിലായ കന്യാസ്ത്രീകളുടെ കുടുംബങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ചേർന്നാണ് തീരുമാനമെടുത്തത്.
ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വമാണ് കന്യാസ്ത്രീകളുടെ വേണ്ടി ഹർജി നൽകുന്നത്. ഇന്ന് കന്യാസ്ത്രീകൾ ജയിലിൽ കഴിയുന്നത് എട്ടാം ദിവസമാണ്. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷ വീണ്ടും എതിർക്കുമോ എന്നത് നിർണായകമായി മാറിയിരിക്കുകയാണ്. എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. കേസിന്റെ മെറിറ്റിനെ അടിസ്ഥാനപ്പെടുത്തി കോടതി പരിഗണിച്ചാൽ ജാമ്യം ലഭിക്കുമെന്നതാണ് സഭാ നേതൃത്വത്തിന്റെ പ്രതീക്ഷ.
ഇതിനിടെ, കേസിൽ നിർണായകമായ വെളിപ്പെടുത്തലുമായി കന്യാസ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന 21 കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാൻ രംഗത്തെത്തി. ബജ്രംഗ് ദൾ നേതാവ് ജ്യോതി ശർമ തന്നെ മൊഴി നൽകാൻ നിർബന്ധിക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവൾ വ്യക്തമാക്കി.
Tag: NIA decides to approach court for bail plea of Malayali nuns