സ്വർണ്ണക്കടത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം? അന്വേഷണം വേണമെന്ന് എൻ ഐ എ

വിവാദമായ നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ദേശീയ അന്വേഷണ ഏജൻസി. കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്വപ്‌ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം നടന്നപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്. കേസിലെ പ്രതികളായ ഷറഫുദീനും കെ.ടി. റമീസും ടാൻസാനിയയിൽനിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്.ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരൻ ഉണ്ട്. ഇയാൾ താൻസാനിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.പ്രതികൾ ഒരുമിച്ചത് പുറമേനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്.
ഒരാളുടെ കൃത്യമായ നിർദ്ദേശം ഇവർക്ക് ലഭിച്ചിട്ടുണ്ട്. അത് ഫിറോസ് ഒയാസിസ് എന്നയാളുടെതാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഒപ്പം പ്രതികൾ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്നും എൻഐഎ കോടതിയോട് പറഞ്ഞു.ചുമത്തിയതിന്റെ കാര്യമെന്താണെന്നും തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് എന്താണെന്നും കഴിഞ്ഞയാഴ്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതി ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ ഇടപെടൽ സംശയിക്കുന്നതായി എൻഐഎ കോടതിയെ അറിയിച്ചത്. “കള്ളക്കടത്ത് നടത്തി എന്നത് സത്യമാണ്. ഇത് സംബന്ധിച്ച തെളിവുകൾ വെച്ച് വീണ്ടും വാദിക്കേണ്ട കാര്യമില്ല. യുഎപിഎ ച്ചുമത്തിയത് എന്തിനെന്നാണ് കോടതിക്ക് അറിയേണ്ടത്,”- എൻഐഎ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെയാണ് പ്രതികളുടെ ദാവൂദ് ബന്ധത്തെ കുറിച്ച് അഭിഭാഷകൻ വ്യക്തമാക്കിയത്. റമീസ്, ഷറഫുദീൻ എന്നിവർ താൻസാനിയയിൽ നിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചു. പ്രതികളുടെ താൻസാനിയൻ ബന്ധം അന്വേഷിക്കണം. ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി പ്രതികൾക്കുള്ള ബന്ധം അന്വേഷിക്കണം എന്നും എൻഐഎ വാദിച്ചു.
കള്ളക്കടത്തിന് യുഎപിഎ ആണോ പരിഹാരമെന്നും കോടതി ചോദിച്ചിരുന്നു. കേസിൽ ഡിജിറ്റൽ തെളിവുകൾ ലഭിക്കാനുണ്ടെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്നതാണ് സ്വർണക്കടത്തെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.