കോണ്‍ഗ്രസിലേക്ക് മാറി: മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് പോലീസ് ജീപ്പില്‍ സിപിഎമ്മുകാരുടെ മര്‍ദനം
ആലപ്പുഴ: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് പോലീസ് ജീപ്പില്‍ പാര്‍ട്ടിക്കാരുടെ മര്‍ദനം. സിപിഎം നൂറനാട് പച്ചക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റിനി തോമസിനാണ് സിപിഎമ്മുകാരില്‍ നി്ന്നും മര്‍ദനമേറ്റത്. പോലീസിന്റെ ഒത്താശയില്‍ മര്‍ദനമേറ്റ റിനി തോമസ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകാണ്. വയ്യങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് റിനി തോമസ് സിപിഎം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതേത്തുടര്‍ന്നാണ് സിപിഎമ്മുകാര്‍ റിനിയുടെ ശത്രുക്കളായത്.
സിപിഎം ഏരിയ യോഗങ്ങളുടെ ഭാഗമായി റിനിയുടെ കടയുടെ മുന്നില്‍ സിപിഎം കൊടിതോരണങ്ങള്‍ വച്ചിരുന്നു. സമ്മേളനം കഴിഞ്ഞിട്ടും ഇവ എടുത്തുമാറ്റിയിരുന്നില്ല. കടയ്ക്ക് മറയായി വച്ച കൊടി തോരണങ്ങള്‍ റിനി തന്നെ എടുത്തുമാറ്റി. ഇതിനെതിരെ സിപിഎമ്മുകാര്‍ നൂറനാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി ഒമ്പത് മണിയോടെ റിനിയുടെ വീട്ടിലെത്തിയ നൂറനാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലിരിക്കുന്നത് സുരക്ഷിതമല്ലെന്നും സ്റ്റേഷനിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടു. ഇതുപ്രകാരം പോലീസിനൊപ്പം പോയ റിനിയെ പോലീസ് ജീപ്പിന്റെ പിന്‍സീറ്റില്‍ കയറ്റി ഇരുത്തി.
തൊട്ടുപിന്നാലെ നാലു ഭാഗത്തുനിന്നും ഇരച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിലെത്തി തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് റിനി പറയുന്നത്. തന്നെ മര്‍ദ്ദിക്കാന്‍ പോലീസ് സിപിഎമ്മുകാര്‍ക്ക് ഒത്താശ ചെയ്തു നല്‍കുകയായിരുന്നുവെന്നും റിനി ആരോപിച്ചു. റിനിയുടെ വീടിനു സമീപമുള്ള സിസിടിവിയില്‍ നിന്നും ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരും പോലീസും റിനിക്ക് മര്‍ദനമേറ്റെന്ന കാര്യം നിഷേധിച്ചു.