സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ എൻഐഎ സംഘം യുഎഇയിലേക്ക്.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ എൻഐഎ സംഘം യുഎഇയിലേക്ക്. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുക എന്നതാണ് എൻഐഎയുടെ ലക്‌ഷ്യം. ഇന്ത്യക്കാരുൾപ്പെട അംഗങ്ങളായ സ്വർണക്കടത്ത് റാക്കറ്റ്, ഹവാല പണമിടപാട് റാക്കറ്റ് യുഎഇയിൽ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ അന്വേഷണം യുഎഇയിലേക്ക് വ്യാപിപ്പിക്കുന്നത്.
യുഎഇ കേന്ദ്രീകരിച്ച് നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും എൻഐഎ സംഘം അന്വേഷണം നടത്തും. ഡിപ്ലമാറ്റിക് ബാഗേജ് വഴി കേരളത്തിലേക്ക് തുടർച്ചയായി സ്വർണം വന്നിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. എൻഐഎ സംഘത്തിന് യുഎഇയിൽ അന്വേഷണം നടത്തുന്നതിനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടാകും.
കേസിലെ ഭീകര വാദ ബന്ധം സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയ്ക്ക് കൈമാറുന്നുണ്ട്. കൊച്ചി എൻഐഎ പ്രത്യേക കോടതിക്കാണ് റിപ്പോർട്ട് കൈമാറുന്നത്.