നൈജീരിയൻ രാസലഹരി കേസ്; വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ താമസിച്ചിരുന്നുവെന്ന് പ്രതികൾ

കോഴിക്കോട് രജിസ്റ്റർ ചെയ്ത നൈജീരിയൻ രാസലഹരി കേസ് രാജ്യത്തെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ പാളിച്ചകളെ തുറന്നു കാട്ടുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും ഏകദേശം 15 വർഷത്തോളം പരിശോധനയൊന്നും നേരിടാതെ ഇന്ത്യയിൽ താമസിച്ചിരുന്നുവെന്നാണ് പ്രതികളുടെ മൊഴികൾ. ഇന്റലിജൻസ് വിഭാഗവും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും (NCB) ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികളുടെ പ്രവർത്തനത്തിലെ വീഴ്ചകളാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടത്.
പൊലീസ് അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം, പ്രതികളായ ഉഗോചുക്വു ജോൺ 2010-ലും, ഹെൻറി ഓണുച്ചു 2015-ലും, ഒകോലി റൊമാനസ് 2019-ലും ഇന്ത്യയിൽ എത്തിയവരാണ്. വിസ കാലാവധി തീർന്നിട്ടും ഇവർ നിയമവിരുദ്ധമായി രാജ്യത്ത് തുടരുകയായിരുന്നു. ഇത്രയും ദൈർഘ്യമേറിയ കാലയളവിൽ ഒരിക്കൽ പോലും പരിശോധന നേരിടേണ്ടിവന്നിട്ടില്ലെന്നത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിലെ വലിയൊരു വീഴ്ചയായി കണക്കാക്കപ്പെടുന്നു.
ഇതിനിടെ, പ്രതികളുടെ വരവും താമസവും സംബന്ധിച്ച ദുരൂഹതകൾ നീക്കുന്നതിനായി കോഴിക്കോട് പൊലീസ് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിലൂടെ വിഷയത്തിൽ വ്യക്തത ഉണ്ടാകുമെന്ന് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു.
2025 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന എംഡിഎംഎ വേട്ടയിലാണ് പിടിയിലായ മലപ്പുറം സ്വദേശിയുടെ ഇടപാടുകൾ വഴി, നൈജീരിയൻ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിരന്തരം പണം കൈമാറിയിരുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിച്ചു. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു. റെയ്ഡിൽ നൈജീരിയൻ പൗരന്മാരായ ഉഗോചുക്വു ജോൺ, ഹെൻറി ഓണുച്ചു, ഒകോലി റൊമാനസ് എന്നിവർ അറസ്റ്റിലായി. നൈജീരിയയിലെ തൊഴിലില്ലായ്മയും അഴിമതിയും തന്നെയാണ് തങ്ങളെ കുറ്റലോകത്തിലേക്ക് തള്ളിയതെന്നാണ് പ്രതികളുടെ മൊഴി.
Tag: Nigerian drug case: Accused says he stayed in India even after visa expired