keralaKerala NewsLatest NewsUncategorized

നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയില്‍; സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയില്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് അറിയിച്ചതോടെയാണിത്. കെ എ പോളിനെപ്പോലെയുള്ളവര്‍ക്കൊപ്പം കുടുംബം നില്‍ക്കുന്ന സാഹചര്യത്തില്‍ മുന്നോട്ടുപോകേണ്ടതില്ല എന്നതാണ് ധാരണ. കാന്തപുരവുമായി ചര്‍ച്ച നടത്തി ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തുന്നതിനെ കുറിച്ച് തീരുമാനിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡ്വൈസറും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. വധശിക്ഷ നീട്ടിവെച്ച സാഹചര്യമുള്ളതിനാല്‍ ഇനി ഇടപേണ്ടത് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണെന്നാണ് കാന്തപുരത്തിന്റെ നിലപാട്.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിന് ശേഷം തുടര്‍ നടപടികളില്‍ അനിശ്ചിതത്വം തുടരുകയാണ്. ദിയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. ഇതിനിടെയാണ് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ വിഷയത്തിലേക്ക് കടന്നുവരുന്നത്. നിമിഷപ്രിയക്ക് വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ ഒരുഭാഗത്ത് ശക്തമായ ഇടപെടല്‍ നടത്തുമ്പോള്‍ പോളിന് പിന്തുണ നല്‍കുന്ന സമീപനമാണ് നിമിഷപ്രിയയുടെ ഭാര്‍ത്താവ് ടോമി സ്വീകരിക്കുന്നത്. ആക്ഷന്‍ കൗണ്‍സിലിനെതിരെ നിലപാട് സ്വീകരിക്കുന്ന ആളാണ് കെ എ പോള്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളില്‍ നിന്ന് കാന്തപുരത്തേയും അഡ്വ. സുഭാഷ് ചന്ദ്രനേയും വിലക്കണം എന്നാവശ്യപ്പെട്ട് കെ എ പോള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്ന പോളിനൊപ്പെ നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കുന്നത്.

നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കെ എ പോള്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. നിമിഷപ്രിയയെ ഇത്ര കാലം മോചിപ്പിക്കാത്തതില്‍ വിദേശകാര്യമന്ത്രി മറുപടി പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിമിഷപ്രിയക്ക് വേണ്ടി എന്ത് ചെയ്തുവെന്നും ഇയാള്‍ ചോദിച്ചിരുന്നു. 11 വര്‍ഷമായി ഭരിക്കുന്ന മോദിക്ക് എന്തുകൊണ്ട് നിമിഷപ്രിയയെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. നിമിഷപ്രിയ വിഷയത്തില്‍ എന്ത് നിലപാടാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്നും കെ എ പോള്‍ ചോദിച്ചിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരില്‍ കെ എ പോള്‍ വ്യാജപണപ്പിരിവ് നടത്തുന്നതായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ കെ എ പോള്‍ തള്ളിക്കളയുകയാണ് ചെയ്തത്.

ഇക്കഴിഞ്ഞ ജൂലൈ 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ മാറ്റിവെക്കുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേര്‍ന്ന് യെമനിലേക്ക് പോയത്. നാട്ടില്‍ നഴ്സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവര്‍ തലാല്‍ അബ്ദുള്‍ മഹ്ദി എന്ന യെമന്‍ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ തീരുമാനിക്കുന്നതും.

Tag: Nimishapriya’s release in crisis; Save Nimishapriya Action Council ceases operations

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button