പാലക്കാട് ഒൻപത് വയസുകാരിക്ക് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടക്കും

പാലക്കാട് പല്ലശനയിലെ കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപത് വയസുകാരിക്ക് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടക്കും. മുറിച്ചുമാറ്റിയ വലത് കൈയിൽ ഉണ്ടായ പഴുപ്പ് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ നടത്തുന്നത്.
അതേസമയം, ഡോക്ടർമാർക്കെതിരായ സസ്പെൻഷൻ നടപടിയിൽ കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. നിയമനടപടി സ്വീകരിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ ഡോ. മുസ്തഫയും ഡോ. സർഫറാസും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഡിഎംഒ നൽകിയ റിപ്പോർട്ട് തള്ളിയാണ് സർക്കാർ നടപടി സ്വീകരിച്ചത്.
സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കുടുംബത്തോട് ഉറപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ ചികിത്സാ സഹായം ഉൾപ്പെടെ ഉറപ്പാക്കണമെന്ന് എം.എൽ.എ കെ. ബാബുവും ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപിഴവുണ്ടെന്നാരോപിച്ചിരുന്നുവെങ്കിലും കെജിഎംഒഎയും ആശുപത്രി അധികൃതരും ഡോക്ടർമാർക്ക് വീഴ്ചയില്ലെന്ന നിലപാട് ആവർത്തിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ച് നിന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ആശുപത്രി അധികൃതർ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ ഓർത്തോ വിഭാഗം മേധാവി വ്യക്തമാക്കിയിരുന്നു.
പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിയുടെ ഒൻപത് വയസുകാരി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ വേണ്ടത്ര പരിചരണം ലഭിക്കാത്തതാണെന്ന് കുടുംബം ആരോപിക്കുന്നു.
Tag: nine-year-old girl from Palakkad will undergo surgery at Kozhikode Medical College today.