പാലക്കാട് വീണ്ടും നിപ സ്ഥിരീകരിച്ചു; രോഗബാധിച്ചു മരിച്ചയാളുടെ മകനും പോസിറ്റീവ്
പാലക്കാട് ജില്ലയിലെ ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ 32 കാരനായ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ പാലക്കാട് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഇദ്ദേഹം.
ഇദ്ദേഹം ഹൈ റിസ്ക് സമ്പർക്ക പട്ടികയിലായിരുന്നു, അച്ഛൻ ആശുപത്രിയിൽ കഴിയുമ്പോൾ മകനും ആശുപത്രിയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതോടെ പാലക്കാട് ജില്ലയിൽ ഇതുവരെ നിപ സ്ഥിരീകരിച്ച മൂന്നാമത്തെയാളാണ്. ആദ്യം രോഗം സ്ഥിരീകരിച്ചത് ഒരു യുവതിയ്ക്കാണ്, പിന്നീട് 58 കാരനായ ഒരാൾ മരിച്ചതോടെയാണ് ആശങ്ക വർധിച്ചത്.
ജില്ലയിൽ ഇപ്പോഴത്തെ കണക്ക് പ്രകാരം 347 പേർ പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികകളിൽ നിരീക്ഷണത്തിലുണ്ട്. നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മരിച്ച വ്യക്തി ജോലി ചെയ്ത അട്ടപ്പാടി അഗളിയിലെ കള്ളമലയിലെ തോട്ടവും വിദഗ്ധ സംഘം പരിശോധിച്ചിട്ടുണ്ട്. നിയന്ത്രിത മേഖലകളിൽ നിന്നുള്ള 160 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. കുമരംപുത്തൂർ, കാരക്കുറിശ്ശി, കരിമ്പുഴ പഞ്ചായത്തുകൾ, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ അഞ്ച് വാർഡുകൾ തുടങ്ങിയ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്നു.
Tag: Nipah confirmed again in Palakkad; Son of deceased also tests positive