സ്പ്രിന്‍ക്ലർ കൊണ്ട് കേരളത്തിന് എന്ത് ലാഭം കിട്ടി,രമേശ് ചെന്നിത്തല.

സ്പ്രിന്‍ക്ലറുമായുള്ള കരാര്‍ അവസാനിപ്പിച്ച സാഹചര്യത്തില്‍ കരാര്‍ അവസാനിപ്പിക്കാനുണ്ടായ സാഹചര്യവും ആ കമ്പനിയെ കൊണ്ട് ഇതുവരെ കേരളത്തിന് എന്ത് ലാഭം നേടാന്‍ കഴിഞ്ഞുവെന്ന കാര്യവും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബിഗ് ഡേറ്റാ അനാലിസിസിനുള്ള സംവിധാനമുള്ള വലിയ കമ്പനിയെന്ന നിലയിലാണ് സ്പ്രിന്‍ക്ലറിനെ മുഖ്യമന്ത്രി കേരളത്തില്‍ അവതരിപ്പിച്ചത്. 80 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്നും അപ്പോള്‍ സ്പ്രിന്‍ക്ലറിന്റെ സോഫ്ട് വെയറും സേവനവും വിനിയോഗിക്കാന്‍ കഴിയുമെന്നും പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോള്‍ കോവിഡിന്റെ രൂക്ഷത വര്‍ധിച്ച സാഹചര്യത്തില്‍ അവരുടെ കരാര്‍ അവസാനിപ്പിച്ചിരിക്കുന്നത്. ആറുമാസത്തിനിടെ സ്പ്രിന്‍ക്ലറിന്റെ സോഫ്ട് വെയര്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞോ?, ഇപ്പോള്‍ ബിഗ് ഡേറ്റാ അനാലിസിസ് സംവിധാനം ഏല്‍പ്പിച്ചിരിക്കുന്ന സിഡിറ്റിന്റെ സേവനം അന്ന് തേടാതിരുന്നതെന്ത്? തുടങ്ങിയ കാര്യങ്ങളിലും മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്.
ഇതേ തന്ത്രം തന്നെയാണ് ഇ മൊബിലിറ്റി പദ്ധതിയിലും മുഖ്യമന്ത്രി കാട്ടിയത്. താന്‍ ഫയല്‍ കണ്ടിട്ടാണ് പിഡബ്ല്യുസിയെ ഒഴിവാക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറയാത്തത് ദുരഭിമാനം കൊണ്ടാണ്. ഇതുസംബന്ധിച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്. ഒന്നുകില്‍ ആ ഫയല്‍ വായിച്ചിട്ട് മുഖ്യമന്ത്രിക്ക് ഒന്നും മനസിലായിട്ടുണ്ടാവില്ല. അല്ലെങ്കില്‍ എന്തെക്കൊയെ മറച്ചുവെയ്ക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. രണ്ടര ലക്ഷം പേര്‍ക്ക് വീട് വെച്ചുകൊടുത്തുവെന്ന് പറയുന്ന മുഖ്യമന്ത്രി അതില്‍ 50,000 വീടുകളും യുഡിഎഫ് സര്‍ക്കാരിന്റേതാണന്ന് പറയുന്നില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4.50 ലക്ഷം വീടുകളാണ് നല്‍കിയത്. പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുകൊടുക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. ഇഎംഎസിന്റെ കാലം മുതല്‍ ഉമ്മന്‍ചാണ്ടിയുടെ കാലം വരെ നടന്നതാണ്. എന്നാല്‍, ആ പദ്ധതിയില്‍ അഴിമതി നടത്തുന്നത് ഇതാദ്യമാണെന്ന് ചെന്നിത്തല പറഞ്ഞു.