ബിഹാറിൽ 57 സ്ഥാനാർത്ഥികളടങ്ങിയ ആദ്യഘട്ട പട്ടിക പുറത്തിറക്കി നിതീഷ് കുമാറിന്റെ ജെഡിയു

ബിഹാറിൽ 57 സ്ഥാനാർത്ഥികളടങ്ങിയ ആദ്യഘട്ട പട്ടിക പുറത്തിറക്കി നിതീഷ് കുമാർ നയിക്കുന്ന ജെഡി(യു). എൻഡിഎയിലെ ഘടകകക്ഷികളായ ബിജെപിയും അവാം മോർച്ചയും സ്ഥാനാർത്ഥി പട്ടികകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെഡി(യു)യുടെ പ്രഖ്യാപനം.
സിറ്റിങ് എംഎൽഎമാർ, മന്ത്രിമാർ, പുതുമുഖങ്ങൾ, വനിതകൾ എന്നിവർക്ക് സമവായപരമായ പ്രതിനിധാനം നൽകിയിട്ടുള്ള പട്ടികയാണിത്. പ്രധാന സീറ്റുകൾ പലതും നിലവിലെ മന്ത്രിമാർക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും നൽകിയതോടെ, സീറ്റ് വിഭജനത്തിൽ ജെഡി(യു) കൂടുതൽ നിലപാട് ഉറപ്പിക്കുമെന്ന വിലയിരുത്തലും ഉയരുന്നു.
നിതീഷ് മന്ത്രിസഭയിലെ അംഗങ്ങളായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, മഹേശ്വർ ഹസാരി, കൗശൽ കിഷോർ എന്നിവർ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹസാരി നിലവിലെ നിയമസഭാ സ്പീക്കറാണ്. ചൗധരി സംസ്ഥാന മന്ത്രിസഭയിലെ നിർണായ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പ്രധാനനേതാവാണ്.
മുൻ എംഎൽഎമാരായ ഈശ്വർ മൻഡൽ, കൊമാൽ സിങ്, സുനിൽ കുമാർ, മഹേന്ദ്ര റാം, ഉമേഷ് സിങ് കുശവ, ചവികേത മൻഡൽ എന്നിവർക്കും ടിക്കറ്റ് ലഭിച്ചു. നാല് വനിതാ സ്ഥാനാർത്ഥികൾക്കും എസ്.സി/എസ്.ടി വിഭാഗങ്ങൾക്കും പ്രതിനിധാനം നൽകിയിട്ടുണ്ട്.
ബിഹാറിൽ നവംബർ 6നും 11നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 14ന് ഫലപ്രഖ്യാപനം നടക്കും.
“243 അംഗ നിയമസഭയിൽ ജെഡി(യു)ക്ക് 25 സീറ്റുകൾപോലും നേടുക ദുഷ്‌കരമാണ്. എൻഡിഎ അധികാരത്തിൽ നിന്നു പുറത്തേക്കുള്ള വഴിയിലാണ്.” ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു. ഒരു കാലത്ത് നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്ന പ്രശാന്ത് കിഷോർ, നിലവിലെ 101 സീറ്റുകൾ വീതമുള്ള ജെഡി(യു)-ബിജെപി സീറ്റ് വിഭജനത്തെ സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ പ്രതിഫലനമായി വിലയിരുത്തി.
Tag: Nitish Kumars JDU releases first list of 57 candidates in Bihar